ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സിബിഐ വേണ്ട; പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി

single-img
24 September 2018

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മൂന്നു പൊതു താല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണം, കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം വേണം എന്നീ ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഈ ഹര്‍ജികളിലെ ആവശ്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും മറ്റേതെങ്കിലും താല്‍പര്യങ്ങള്‍ ഈ ഹര്‍ജിക്കു പുറകില്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു. കസ്റ്റഡിയിലുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പൊലീസിന്റെ നടപടി.

നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ബിഷപിന്റെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും. കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്തത്. മൂന്ന് ദിവസം 20മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു നടപടി.