ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ‘കൊതുകുകടികൊണ്ട്’ പാലാ സബ് ജയിലില്‍: കിടപ്പ് നിലത്ത് പായ വിരിച്ച്; കൂട്ടിനുള്ളത് രണ്ട് പെറ്റിക്കേസ് പ്രതികള്‍

single-img
24 September 2018

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറ് വരെ പാലാ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത്.

പെറ്റിക്കേസുകളില്‍പെട്ട രണ്ട് പേരാണ് ജയിലില്‍ ബിഷപ്പിന്റെ കൂട്ട്. സി ക്‌ളാസ് സൗകര്യങ്ങളായതിനാല്‍ ബിഷപ്പിന് കട്ടില്‍ ലഭിക്കില്ല. നിലത്ത് പായ വിരിച്ച് കിടക്കേണ്ടി വരും.

രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. തുടര്‍ന്നാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

അതിനിടെ, ബിഷപ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്തതിനെതിരെ ബിഷപ്പിന്റെ അഭിഭാഷകന്‍ നിലപാടെടുത്തു. എന്നാല്‍ അറസ്റ്റ് തടയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഹൈക്കോടതി മറുപടി നല്‍കിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടി ചടങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബിഷപിനെനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി രാവിലെ മറ്റു ഹര്‍ജികള്‍ തീര്‍പ്പാക്കി ഉത്തരവിട്ടു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

മാത്രമല്ല, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിര്‍ത്താല്‍ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന.