സ്മാര്‍ട്ടായി ഗെയിം കളിക്കുന്ന സാബു കുറുക്കനാണ്: ബിഗ് ബോസില്‍ നിന്ന് പുറത്തായ അര്‍ച്ചന പറയുന്നു

single-img
24 September 2018

നൂറാം ദിനം ലക്ഷ്യമാക്കി കുതിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും അവസാനഘട്ട എലിമിനേഷനിലൂടെ അര്‍ച്ചന സുശീലനായിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് പോയത്. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു എലിമിനേഷന്‍ നടന്നത്. താന്‍ പുറത്ത് പോവുമെന്ന് പേളിയും ഷിയാസുമെല്ലാം കരുതിയിരുന്നെങ്കിലും ഈ വാരം അര്‍ച്ചന പുറത്ത് പോവുകയാണെന്നായിരുന്നു മോഹന്‍ലാല്‍ അറിയിച്ചത്.

സാബു, പേളി, ഷിയാസ് എന്നിവര്‍ക്കൊപ്പമായിരുന്നു അര്‍ച്ചനയും നോമിനേഷനില്‍ ഇടംപിടിച്ചത്. പ്രേക്ഷകരുടെ വോട്ടിങ്ങും താരങ്ങളുടെ പ്രകടനവും പരിഗണിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിച്ചത്. പുറത്തേക്ക് പോവുമെന്ന് താന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതായും സന്തോഷത്തോടെയാണ് ഇറങ്ങുന്നതെന്നും താരം വ്യക്തമാക്കി.

അര്‍ച്ചനയുടെ വാക്കുകള്‍

ബിഗ് ബോസില്‍ ഇത്രയും നാള്‍ തുടരാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വ്യത്യസ്ത സ്വഭാവക്കാരായ 16 പേര്‍ക്കൊപ്പം കഴിയുകയെന്നത് ചില്ലറ കാര്യമല്ലല്ലോ, പുറത്താവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബിഗ് ഹൗസില്‍ നിന്നും പുറത്തെത്തിയപ്പോള്‍ സന്തോഷം തോന്നുന്നു.

പുറത്തെത്തിയ അര്‍ച്ചനയോട് മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഓരോരുത്തരെക്കുറിച്ചും കൃത്യമായ വിലയിരുത്തലുകളാണ് താരം നടത്തിയത്. രഞ്ജിനി ഹരിദാസിന്റെ ഗെയിം പ്ലാന്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല, എല്ലാവരേയും കെയര്‍ ചെയ്യുന്നയാളാണ് പേളി, പാവവുമാണ്.

ഹിമയുടെ തുറന്ന നിലപാടുകള്‍ ഇഷ്ടമാണെങ്കിലും പലപ്പോഴും ആലോചിക്കാതെയാണ് പെരുമാറാറുള്ളത്. അഞ്ജലി നല്ല കുട്ടിയാണ് പക്ഷേ, കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞിരുന്നില്ല. ദിയ തന്റെ അടുത്ത കൂട്ടുകാരിയാണ്, പലപ്പോഴും നിയന്ത്രണമില്ലാതെയാണ് പെരുമാറാറുള്ളത്. അനൂപേട്ടന്‍ കാണുമ്പോഴുള്ള വണ്ണമൊക്കെയേ ഉള്ളൂ, ആളോരു പാവമാണ്.

ബിഗ് ഹൗസില്‍ എല്ലാവരേയും രസിപ്പിക്കുന്നയാളാണ് സുരേഷേട്ടന്‍. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ആളാണ് അതിഥി. ചെറിയ പോരായ്മകളുണ്ടെങ്കിലും നല്ല കുട്ടിയാണ്. പൊതുവെ മടിയുള്ള കൂട്ടത്തിലാണ് ശ്രിനിഷ്. ഒരു പ്രശ്‌നത്തിനും പോവാത്തയാളുമാണ്.

ശ്രീനിയെ നേരത്തെ അറിയാം. ബിഗ് ബോസിലെത്തിയ ആദ്യ നാളുകളില്‍ ശ്രീനിയും അര്‍ച്ചനയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീടാണ് അത് മാറിയത്. പേളിയുമായുള്ള പ്രണയത്തിന് ശേഷമുള്ള ശ്രീനിയെ തനിക്കറിയില്ലെന്നും താരം പറയുന്നു. ഇവരുടെ പ്രണയത്തിലും കാട്ടിക്കൂട്ടലിലുമൊക്കെ അര്‍ച്ചന അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ബിഗ് ബോസിലെ പുരുഷന്‍മാരില്‍ മികച്ചത് ബഷീറാണ്. ശക്തനായ മത്സരാര്‍ത്ഥിയുമായിരുന്നു. എന്നാല്‍ ദേഷ്യം വരുമ്പോള്‍ ഒന്നും നോക്കാതെ പെരുമാറുന്ന പ്രകൃതക്കാരനുമാണ്. എല്ലാവരും കളിയാക്കുമ്പോള്‍ വ്യക്തിപരമായി എടുക്കുന്നയാളാണ് ഷിയാസ്, അവനൊരു പാവമാണ്. സ്മാര്‍ട്ടായി ഗെയിം കളിക്കുന്ന സാബു കുറുക്കനാണ്. എല്ലാവരേയും സഹായിക്കുന്നുണ്ടെങ്കിലും പ്രശ്‌നമുണ്ടാക്കാനും അദ്ദേഹം മുന്നിലുണ്ട്.

മോഹന്‍ലാലിനെ രമേഷ് എന്ന് സംബോധന ചെയ്താണ് അര്‍ച്ചനയെത്തിയത്. ക്യാമറയോട് സംസാരിക്കുന്നതിനിടയില്‍ എന്നും രമേഷ് എന്ന പേരായിരുന്നു താരം വിളിച്ചത്. തുണി കഴുകുന്ന ടാസ്‌ക്കില്‍ ഇതൊക്കെ രമേഷിന്റേതായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. രമേഷിനോട് സംസാരിക്കുന്നതിനെക്കുറിച്ച് പലരും താരത്തെ കളിയാക്കിയിരുന്നു. മത്സരാര്‍ത്ഥികളെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായാണ് താരത്തോട് തന്നെക്കുറിച്ച് പറയാനായിരുന്നു മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. പെര്‍ഫക്ട്, നിങ്ങളാണെന്റെ സൂപ്പര്‍ ഹീറോയെന്നായിരുന്നു താരം പറഞ്ഞത്.