മൂവാറ്റുപുഴയില്‍ സ്‌കൂട്ടര്‍ ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു: യാത്രക്കാരന്‍ മരിച്ചു: ബസ് പൂര്‍ണമായും കത്തിനശിച്ചു

single-img
24 September 2018

എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികന്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ബൈക്കും യാത്രക്കാരനെയും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്. ബൈക്കിന്റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്.

ബസില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ വളരെ വേഗം പുറത്തിറക്കാന്‍ കഴിഞ്ഞതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസമുണ്ടായി.