ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു

single-img
23 September 2018

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എം.എല്‍.എയെയും മാവോവാദികള്‍ വെടിവെച്ചു കൊന്നു. ആരാക്കു എംഎല്‍എ കെ. സര്‍വേശ്വര റാവു, ടിഡിപി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടാംഗി ഗ്രാമത്തില്‍വച്ചായിരുന്നു സംഭവം.

അരാക്കുവില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുനിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. നിരവധി മാവോവാദികള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എസ്.ടി സംവരണ മണ്ഡലമായ അരാക്കുവില്‍നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 2014ല്‍ ആണ് സര്‍വേശ്വര റാവു തിരഞ്ഞെടുക്കപ്പെട്ടത്.

അന്ന് സിവേരി സോമയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പിന്നീട് 2016ല്‍ റാവു ടിഡിപിയിലേക്ക് മാറി. സര്‍വേശ്വര റാവുവിനും സിവേരി സോമയ്ക്കും നേരത്തെ മാവോ വാദികളുടെ ഭീഷണി ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.