സ്‌ട്രോക്ക് വരാതിരിക്കാന്‍ ദിവസവും അര മണിക്കൂര്‍ നടന്നാല്‍ മാത്രം മതി

single-img
23 September 2018

ദിവസവും അര മണിക്കൂര്‍ മാത്രം നടന്നാല്‍ വിവിധ തരത്തിലുള്ള സ്‌ട്രോക്കുകളെ അകറ്റി നിര്‍ത്താനാകുമെന്ന് പഠനങ്ങള്‍. നീന്തലറിയാവുന്നവരാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നീന്തുന്നതും നന്നായിരിക്കും. സ്‌ട്രോക്കിനെ ശരിക്കും ഗൗരവമായി കാണേണ്ടതാണ്.

അതുകൊണ്ട് തന്നെ അതിനെ തടയാനും സാധ്യത കുറയ്ക്കാനുമുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ആഴ്ചയില്‍ കുറച്ച് സമയം വ്യായാമത്തിനായി ചെലവഴിച്ചാല്‍ അത് ശരീരത്തിനുണ്ടാകുന്ന ഗുണം വളരെ വലുതാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ കത്രീന എസ്.സണര്‍ഗേന്‍ പറയുന്നു.

രക്തചംക്രമണത്തിനാവശ്യമായ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന രോഗങ്ങളുടെ ഫലമായി തലച്ചോറിന്റെ പ്രത്യേകഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ക്ഷതങ്ങളാണ് സ്‌ട്രോക്ക് എന്നറിയപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ പലതരത്തിലാണ്. ശരീരത്തിന്റെ ഒരു വശത്തു മരവിപ്പ് ഉണ്ടാവുക, നടക്കുമ്പോള്‍ ഇരുവശത്തേക്കും ചാഞ്ചാടി പോവുക, പെട്ടെന്നു കോങ്കണ്ണ് പ്രത്യക്ഷപ്പെടുക.

മറ്റുള്ളവര്‍ സംസാരിക്കുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങി വിവിധ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. സ്‌ട്രോക്ക് പ്രധാനമായും രണ്ടു തരത്തിലാണ്. തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന ആര്‍ട്ടറികള്‍ എന്നറിയപ്പെടുന്ന രക്തക്കുഴലുകള്‍ക്ക് തടസ്സം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌ട്രോക്ക്, ഇത് ഇസ്‌കീമിക് സ്‌ട്രോക്ക് എന്നറിയപ്പെടുന്നു.

മൊത്തത്തില്‍ സംഭവിക്കുന്ന സ്‌ട്രോക്കുകളില്‍ 80 ശതമാനത്തോളം ഇസ്‌കീമിക് ആയി കണക്കാക്കപ്പെടുന്നു. രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം മൂലമുണ്ടാകുന്ന സ്‌ട്രോക്കിനെ ഹെമറാജിക് സ്‌ട്രോക്ക് എന്ന് പറയുന്നു. 20 ശതമാനത്തോളം സ്‌ട്രോക്കുകള്‍ ഹെമറാജിക് സ്‌ട്രോക്ക് ആണ്.

മേല്‍പറഞ്ഞ രണ്ടു സ്‌ട്രോക്കുകളും ആര്‍ട്ടറികള്‍ എന്നറിയപ്പെടുന്ന രക്തക്കുഴലുകളുമായി ബന്ധപ്പെട്ടതാണ്. അതേ സമയം വെയിനുകള്‍ എന്നറിയപ്പെടുന്ന അശുദ്ധരക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകള്‍ക്ക് അടവു സംഭവിച്ചും സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്. ഇതിനെ വീനസ് ത്രോംബോസിസ് എന്നു പറയുന്നു. സാധാരണ കാണുന്ന സ്‌ട്രോക്കില്‍ നിന്നും വ്യത്യസ്തമാണ് വീനസ് ത്രോംബോസീസ്.

ജീവിതശൈലി സംബന്ധമായ പല അവസ്ഥകളും സ്‌ട്രോക്കിലേക്കു നയിക്കുന്നു. അമിതവണ്ണം, വ്യായാമം ഇല്ലാത്ത അവസ്ഥ. അനാരോഗ്യകര ഭക്ഷണരീതി ഇവയൊക്കെ സ്‌ട്രോക്കിലേക്ക് നയിക്കും. അമിതവണ്ണം, രക്തസമ്മര്‍ദം കൂടിനില്‍ക്കാനും കൊളസ്‌ട്രോളിന്റെ അളവു ക്രമാതീതമായി കൂടാനും പ്രമേഹരോഗികള്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവു ക്രമാതീതമായി കൂടാനും കാരണമാകുന്നു.

കുടവയറ് ചാടുന്ന തരത്തിലുള്ള അമിതവണ്ണം സ്‌ട്രോക്കിലേക്ക് നയിക്കാന്‍ സാധ്യത കൂട്ടുന്നു. ഭക്ഷണത്തില്‍ അമിത അളവില്‍ കൊഴുപ്പ് ഉണ്ടായിരിക്കുന്നത് അപകടകരമാണ്. രക്തസമ്മര്‍ദം കൂടാനും കൊളസ്‌ട്രോളിന്റെ അളവു കൂടാനും പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവു കൂട്ടാനും വ്യായാമമില്ലാത്ത അവസ്ഥ കാരണമാകുന്നു.

ഇതൊക്കെയാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ആഹാരത്തില്‍ ഉപ്പിന്റെ അളവ് അമിതമായി കൂടിയിരിക്കുന്നത് രക്തസമ്മര്‍ദം കൂടുവാനും അതുവഴി സ്‌ട്രോക്ക് ഉണ്ടാകാനും കാരണമാകുന്നു. അമിത മദ്യപാനവും സ്‌ട്രോക്കിനൊരു കാരണമാണ്. പ്രായമായവരില്‍ സ്വാഭാവികമായി തന്നെ സ്‌ട്രോക്കിനുള്ള സാധ്യതയും കൂടുന്നു. സ്‌ട്രോക്ക് വന്നതില്‍ മൂന്നില്‍ രണ്ടും അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായവരാണെന്നാണ് കണ്ടുവരുന്നത്.