മോദിയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും മാറ്റുന്നതിന് രാഹുല്‍ പാക്കിസ്ഥാനുമായി ധാരണ ഉണ്ടാക്കിയെന്ന് അമിത് ഷാ

single-img
23 September 2018

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മോദിയെ സ്ഥാനത്തുനിന്നു നീക്കാന്‍ രാഹുല്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.

മോദിയെ നീക്കണമെന്നു രാഹുല്‍ പറയുന്നു, മോദിയെ നീക്കണമെന്നു പാക്കിസ്ഥാനും പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുലിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ഇപ്പോള്‍ പാക്കിസ്ഥാനും പിന്തുണയ്ക്കുന്നു. പ്രധാനമന്ത്രിക്കെതിരേ കോണ്‍ഗ്രസ് അന്താരാഷ്ട്ര തലത്തില്‍ മഹാസഖ്യം (മഹാഗഡ്ബന്ധന്‍) രൂപീകരിക്കുകയാണോ എന്നും അമിത് ഷാ ട്വിറ്ററില്‍ ചോദിച്ചു.

പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ഹുസൈന്റെ ട്വീറ്റ് ഷെയര്‍ ചെയ്താണ് അമിത് ഷായുടെ രാഹുലിനെതിരായ ആക്രമണം. മോദിക്കെതിരേ വിമര്‍ശനമുന്നയിക്കുന്ന രാഹുലിന്റെ ട്വീറ്റ് ഫവാദ് ഹുസൈന്‍ ഷെയര്‍ ചെയ്തിരുന്നു. റഫാല്‍ യുദ്ധവിമാന ഇടപാടിന്റെ പേരില്‍ ബിജെപി നേതാക്കളും കോണ്‍ഗ്രസും തമ്മിലുള്ള ചെളിവാരിയെറിയല്‍ തുടരുകയാണ്.