ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി; മകളുടെ വിവാഹത്തിനായി മാറ്റിവച്ച 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി: മലപ്പുറത്തെ പ്രവാസിക്ക് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടി

single-img
23 September 2018

മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി അബ്ദുള്‍ നാസറാണ് ആര്‍ഭാടം ഒഴിവാക്കി മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിനായി മാറ്റിവച്ച ഇരുപത്തിയഞ്ചു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നാസര്‍ സംഭാവന ചെയ്തു. നേരത്തെ, നാടാകെ ക്ഷണിച്ച് വന്‍ ആഘോഷമായി മകള്‍ നദയുടെ വിവാഹം നടത്താനാണ് അബ്ദുള്‍ നാസര്‍ തീരുമാനിച്ചിരുന്നത്.

ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രളയം വന്നത്. ചുറ്റുപാടുമുള്ള വലിയ ദുരന്തങ്ങള്‍ക്കിടയില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടന്ന് അബ്ദുള്‍ നാസര്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയും മക്കളും പിന്തുണച്ചതോടെ ആഘോഷങ്ങള്‍ക്കായി മാറ്റി വച്ച പണം ദുരിതാശ്വാസ പദ്ധതികളിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.

വിവാഹ വേദിയില്‍ വച്ച് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്കും അഞ്ചു ലക്ഷം രൂപ ഇരുമ്പിളിയത്ത പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനും അബ്ദുള്‍ നാസര്‍ നല്‍കി. അഞ്ച് ലക്ഷം രൂപ വീതം കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്കും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീല്‍ സ്വീകരിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരികളാണ് വധൂവരന്‍മാരായ നദയും അജ്‌നാസും.