നടന്‍ ജോയ് മാത്യുവിനെതിരേ പൊലീസ് കേസെടുത്തു

single-img
23 September 2018

മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കും അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു.

കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിഠായിത്തെരുവ് പ്രകടനവിരുദ്ധ മേഖലയാണെന്നു ചൂണ്ടിക്കാട്ടിയാണു പോലീസ് നടപടി. ജോയ് മാത്യുവിനു പുറമേ കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രകടനം. നേരത്തെ തെരുവില്‍ സാസ്‌കാരിക കൂട്ടായ്മകളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ ഈ തെരുവ് ഞങ്ങളുടേത് കൂടെയാണെന്ന മുദ്രാവാക്യമുയര്‍ത്തി മിഠായിത്തെരുവില്‍ പ്രതിഷേധം നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് പ്രകടനം നടത്തിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീക്ക് നീതിക്ക് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടയ്മ പ്രകടനം നടത്തിയത്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.