റഫാല്‍ വിവാദം രാഹുലും ഒളോന്ദും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് ജെയ്റ്റ്‌ലി; ‘കരാര്‍ ക്ലീനാണ്, അതുകൊണ്ടുതന്നെ റദ്ദാക്കേണ്ട ആവശ്യമില്ല’

single-img
23 September 2018

റഫാല്‍ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കൂടുതല്‍ വിലക്കാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജെയ്റ്റ്‌ലി നിഷേധിച്ചു. കൂടുതല്‍ വിലക്കാണോ വിമാനങ്ങള്‍ വാങ്ങിയതെന്ന കാര്യം സി.എ.ജിയാണ് പരിശോധിക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.

മുന്‍ ഫ്രഞ്ച് പ്രസിഡന്റും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് റഫാല്‍ കരാറിലെ ഇപ്പോഴത്തെ ആരോപണങ്ങളെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഫ്രാന്‍സില്‍ നിന്നും വലിയൊരു ബോംബ് വരാനുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആഗസ്റ്റ് 30ലെ ട്വീറ്റ് തെളിയിക്കുന്നത് ഇതാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

റഫാല്‍ കരാര്‍ ക്ലീനാണ്, അതുകൊണ്ടുതന്നെ അതു റദ്ദാക്കേണ്ട ആവശ്യമില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോഴത്തെ കരാറില്‍ വിമാനങ്ങളെത്തുന്നത്. ഇക്കാര്യങ്ങളെല്ലാം സിഎജിയെ അറിയിക്കും. സുരക്ഷാ താല്‍പര്യങ്ങള്‍ ഉള്ളതിനാല്‍ കരാറിലെ വില സംബന്ധിച്ചു വിശദമാക്കുന്നതിനു കുറച്ചു പ്രശ്‌നങ്ങളുണ്ട്.

2007ല്‍ പൂര്‍ണ സജ്ജമായ ഒരു വിമാനം വാങ്ങുന്നതിനേക്കാള്‍ 20% വില കുറച്ചാണ് 2016ല്‍ നല്‍കുന്നത്. സിഎജി ഇക്കാര്യം പരിശോധിക്കും. സത്യം പുറത്തുവരികതന്നെ ചെയ്യും. ഇന്ത്യയുടെ പ്രതിരോധത്തിനു റഫാല്‍ വിമാനങ്ങള്‍ അനിവാര്യമാണ്. അതുകൊണ്ടാണ് അവ വാങ്ങുന്നത്.

അതു വ്യോമസേനയുടെ കരുത്തു കൂട്ടും. 2004 മുതല്‍ 14 വരെ ഇന്ത്യ ഭരിച്ച യുപിഎ സര്‍ക്കാരാണു ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ അഴിമതി മുക്തമായാണു പ്രവര്‍ത്തിക്കുന്നതെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു. രാജ്യത്തിനായി രക്തം ചിന്തിയ സൈനികരെ പ്രധാനമന്ത്രി അവഹേളിച്ചെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു മറുപടിയും അദ്ദേഹം നല്‍കി.

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉപയോഗിച്ചു മോശം പരാമര്‍ശം നടത്തിയത് അധിക്ഷേപകരമാണെന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അതില്‍ നാണക്കേടു തോന്നുന്നവരുടെയും അപകീര്‍ത്തികരമായ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നവരുടെയും ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുമെന്നും ജയ്റ്റ്‌ലി മുന്നറിയിപ്പ് നല്‍കി.

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു ബി.ജെ.പി ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയത്.