Kerala

ശ്രീധരന്‍പിള്ളയെ കാണാനെത്തിയ ഫാദര്‍ മാത്യൂ മണവത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ബിജെപിയുടെ വ്യാജ പ്രചരണം: ഒടുവില്‍ ‘പുലിവാലുപിടിച്ചു’

ബിജെപിയില്‍ താന്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത്. സൗദിയില്‍ മരിച്ച ഒരാളുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിനായി കോട്ടയം എംപി ജോസ് കെ മാണിയെ കാണാന്‍ പോയിരുന്നു.

അന്ന് കോട്ടയത്ത് വച്ച് ബിജെപിയുടെ യോഗം നടക്കുന്ന സ്ഥലത്ത് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുമായിട്ടും കൂടികാഴ്ച്ച നടത്തി. ഇത് അവിടെ മെംബര്‍ഷിപ്പ് എടുത്ത വൈദികരോടൊപ്പം തന്നെയും തെറ്റായി ചിത്രീകരിക്കാന്‍ ഇടയാക്കിയെന്ന് ഫാ. മാത്യു മണവത്ത് പറഞ്ഞു.

ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇത് ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി പോസ്റ്റ് തിരുത്തി. മാധ്യമങ്ങളെയും അഞ്ചു പുരോഹിതര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണ് ബിജെപി അറിയിച്ചിരുന്നത്. അതില്‍ ഫാ. മാത്യു മണവത്തിന്റെ പേരുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആശംസ അര്‍പ്പിച്ചാല്‍ മെമ്പര്‍ ആകില്ല, നമസ്‌കരിച്ചാലും.

വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം.

ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെയും അംഗമല്ല ഈ രാത്രിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല. അതുകൊണ്ട് BJP, യുടെയോ, കോണ്‍ഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ രാഷ്ടീയ പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്., ആ നിലയില്‍ BJP യിലെ ശ്രി. അല്‍ഫോണ്‍സ് കണ്ണന്താനവുമായിട്ട് ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി. വ്യക്തിബന്ധമുണ്ട്..

ഇന്ന് കോട്ടയത്ത് BJP സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീധരന്‍ള്ളയെ ഞാന്‍ ജനിച്ച നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരിരം സൗദി അറേബ്യയില്‍ നിന്നും കൊണ്ടുവരുന്നതിന് നിര്‍ധനമായ ആ കുടുംബത്തിന്റെ അപേക്ഷ പേറി ഞാന്‍ സന്ദര്‍ശിച്ചു എന്നത് സത്യമാണ്. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോ?, ഇതോടൊപ്പം Jose k Mani MP യെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ
കര്‍ത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും, ത്രിവര്‍ണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളു. .ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം., എന്റെ പേര് പട്ടികയില്‍ നിന്നും നീക്കണം ഞാന്‍ BJP മെംബര്‍ അല്ല. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബഹുമാനമുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മാത്രം’