ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നുണപരിശോധന; കൂടുതല്‍ അറസ്റ്റിന് സാധ്യത

single-img
23 September 2018

കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന നടത്താന്‍ (പോളിഗ്രാഫ് ടെസ്റ്റ്) അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. ബലാത്സംഗ പരാതിയില്‍ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണിത്.

നേരത്തെ ചോദ്യം ചെയ്യലിലുടനീളം കുറ്റം സമ്മതിക്കാന്‍ ഫ്രാങ്കോ തയ്യാറായിരുന്നില്ല. അറിയില്ല, ഓര്‍മയില്ല തുടങ്ങിയ ഉത്തരങ്ങളാണ് ബിഷപ്പ് പല ചോദ്യങ്ങള്‍ക്കും നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള പോലീസിന്റെ നീക്കം.

അതേസമയം ബിഷപ്പിനു വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫാ. ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ കന്യാസ്ത്രീകള്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എര്‍ത്തയിലെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

കേസില്‍ ഒരാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 17നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തന്നെ ബലാത്സംഘം ചെയ്തതായുള്ള പരാതി പൊലീസിന് നല്‍കുന്നത്.

തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസിന്റെ സഹായത്തോടെ ജലന്ധറിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തു.

ഇതിനിടെ കുറുവിലങ്ങാട് മഠത്തിലെ മറ്റ് ചില കന്യാസ്ത്രീകള്‍ പരസ്യമായി സമരരംഗത്തേക്കെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഫ്രാങ്കോയ്ക്ക് സെപ്റ്റംബര്‍ 19ന് അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകന്‍ നോട്ടീസ് നല്‍കി. ഹാജരായ ഫ്രാങ്കോയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിഷപ്പ് കുറ്റകൃത്യം സമ്മതിക്കാത്തതായിരുന്നു നേരത്തെ തന്നെ നടക്കേണ്ടിയിരുന്ന അറസ്റ്റ് വൈകാന്‍ പ്രധാന കാരണം. എന്നാല്‍ കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈംഗിക പീഡനം നടത്തിയതായി അന്വേഷണസംഘത്തിന് ഉറപ്പായതോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

തെളിവെടുപ്പിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തുമണിയോടെ ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ചു. മഠത്തിലെ 20ാം നമ്പര്‍ ഗസ്റ്റ് റൂമില്‍ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സംഭവം നടന്ന 20ാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുത്തത്.