ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് എന്തുകൊണ്ട്: പാകിസ്ഥാന്‍ യുവാവിന്റെ മറുപടി: വീഡിയോ

single-img
23 September 2018

ഇന്ത്യപാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്ഥാന്‍ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദുബായില്‍ നടന്ന മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ദേശീയ ഗാനം മുഴങ്ങിയ സമയത്താണ് ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ഈ പാക്കിസ്ഥാന്‍ ആരാധകരും ദേശീയ ഗാനം ആലപിച്ചത്.

A Pakistani at the indo pak game.

Posted by Voice Of Ram on Thursday, September 20, 2018

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിനു പേരാണ് ഷെയര്‍ ചെയ്തത്. വീഡിയോ വൈറലായത്തോടെ ആ പാക്ക് ആരാധകന്‍ താനാണെന്ന് വെളിപ്പെടുത്തി ആദില്‍ താജ് രംഗത്തെത്തി. അത് ഞാനായിരുന്നു. ഇത്(വീഡിയോ) പങ്കു വച്ചതില്‍ നന്ദി.

നിരര്‍ഥകമായ യുദ്ധം വേണ്ടെ. സ്‌നേഹവും പ്രകാശവും പരക്കട്ടെ താജ് പറയുന്നു. കഭി ഖുശി കഭി ഗം എന്ന ബോളിവുഡ് ചിത്രത്തില്‍ നിന്നാണ് താന്‍ ഇന്ത്യന്‍ ദേശീയഗാനം പഠിച്ചതെന്നും ആദില്‍ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ അബോട്ടാബാദ് സ്വദേശിയായ ആദില്‍ താജ്, അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജോലിക്കായി യുഎഇയിലെത്തിയത്.

സഹോദരന്റെ വ്യവസായ സംരംഭത്തില്‍ സഹായിക്കാനായിരുന്നു വരവ്. ഇതിനിടെയാണ് ഇന്ത്യ–പാക്ക് മല്‍സരം കാണാനെത്തിയതും ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച് ‘വൈറലായതും’. മൈതാനത്ത് പാക്കിസ്ഥാന്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രകടിപ്പിച്ച ആദരവും ബഹുമാനവും കണ്ട് മനസ്സു നിറഞ്ഞാണ് താന്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചതെന്ന് ആദില്‍ താജ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആദില്‍ പറഞ്ഞു. ഇന്ത്യ സമാധാനത്തിലേക്ക് ഒരു ചുവടുവച്ചാല്‍ പാക്കിസ്ഥാന്‍ രണ്ടു ചുവടു വയ്ക്കുമെന്ന് ഇമ്രാന്‍ പറഞ്ഞ കാര്യം ആദില്‍ ചൂണ്ടിക്കാട്ടി. ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ മാതൃകയാണ് ഇക്കാര്യത്തില്‍ ആദ്യ ചുവടെന്നും ആദില്‍ അഭിപ്രായപ്പെട്ടു.