കേരളത്തിൽ 25-ന് നാലു ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’

single-img
22 September 2018

കേരളത്തിൽ 25-ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒഡിഷയിൽ കനത്ത മഴയ്ക്ക് കാരണമായ ‘ദായേ’ ചുഴലിക്കാറ്റിന്റെ ഫലമായാണ് ഇത്. 25-ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ‘യെേല്ലാ അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 24 മണിക്കൂറിനിടെ ഏഴുമുതൽ 11 സെൻറീമീറ്റർവരെ മഴ പെയ്യുമെന്നാണ് പ്രവചനം.

കാലാവസ്ഥാ സാഹചര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നാണ് യെല്ലോ അലർട്ട് അർഥമാക്കുന്നത്. മുന്നറിയിപ്പുകളിൽ രണ്ടാമത്തേതാണിത്. ഗ്രീൻ, യെേല്ലാ, ഓറഞ്ച്, റെഡ് എന്നിങ്ങനെയാണ് മുന്നറിയിപ്പുകളുടെ ശ്രേണി.

ബംഗാൾ ഉൾക്കടലിന്റെ മധ്യ-പടിഞ്ഞാറ് രൂപംകൊണ്ട ന്യൂനമർദം വ്യാഴാഴ്ച രാത്രിയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡിഷയിലെ ഗോപാൽപുരിൽ കരയിലേക്ക് കടന്നത്. ഒഡിഷയിൽ അതിശക്തമായ മഴയാണ് പെയ്തത്. തിങ്കളാഴ്ചയോടെ ഇത് കിഴക്കൻ രാജസ്ഥാനും കടന്ന് ദുർബലമാവും. ഇതിന്റെ സ്വാധീനം കേരളത്തിലുണ്ടാവില്ല.

എന്നാൽ, കർണാടകംമുതൽ കന്യാകുമാരിവരെ ന്യൂനമർദപാത്തി രൂപംകൊള്ളാൻ സാധ്യതയുണ്ട്. ശ്രീലങ്കയിൽനിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപംകൊള്ളും. ഇത് കേരളത്തിൽ കൂടുതൽ മഴപെയ്യാൻ അനുകൂലമാണ്. ഇതാണ് 25-ന് കേരളത്തിൽ ശക്തമായ മഴ പ്രവചിക്കാൻ അടിസ്ഥാനമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.