റഫാല്‍ വിമാന ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ്വാ ഒളാന്ദ്: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്: മോദി ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയെന്ന് രാഹുല്‍

single-img
22 September 2018

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ ഓഫീസ്. അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു റഫാല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റിലയന്‍സിന്റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.

പങ്കാളിയെ ഫ്രാന്‍സിന് തിരഞ്ഞെടുക്കാന്‍ കഴിയില്ലായിരുന്നുവെന്നും ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ദസോള്‍ട് കമ്പനിക്ക് അനില്‍ അംബാനിയെ തെരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഫ്രാന്‍സ്വാ ഒളാന്ദിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം റഫാല്‍ ഇടപാടില്‍ അഴിമതി വ്യക്തമായതോടെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ നരേന്ദ്ര മോദിക്ക് യോഗ്യത നഷ്ടപ്പെട്ടുവെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അഴിമതി നടന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.

അതിനാല്‍ ഇനി മോദി പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കരുത്. കാബിനറ്റ് റാങ്കുള്ള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും അധികാരം കൈമാറിയ ശേഷം അദ്ദേഹം രാജിവച്ചൊഴിയുകയാണ് വേണ്ടത്. ധാര്‍മികമായി അദ്ദേഹത്തിന് ഇനി സ്ഥാനത്തു തുടരാന്‍ കഴിയുമോ എന്നും മല്ലികാര്‍ജുന ഖാര്‍ഗെ ചോദിച്ചു.

അതിനിടെ റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കടന്നാക്രമണവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ പ്രതിരോധസേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് റഫാല്‍ കരാര്‍ എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

‘പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുമായി ചേര്‍ന്ന് പ്രതിരോധസേനകള്‍ക്ക് നേരെ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണം നടത്തുകയായിരുന്നു. മോദി ജി,രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ രക്തത്തെയാണ് താങ്കള്‍ അപമാനിച്ചത്. ലജ്ജ തോന്നുന്നു. താങ്കള്‍ ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണ്.’ രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം റഫാല്‍ യുദ്ധവിമാന കരാര്‍ പ്രകാരം ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദസോള്‍ട്ട് ഏവിയേഷനുണ്ടെന്നും കമ്പനിയാണ് ഇന്ത്യന്‍ വ്യവസായ പങ്കാളിയെ തീരുമാനിച്ചതെന്നും ദസോള്‍ട്ട് ഏവിയേഷന്‍ വ്യക്തമാക്കി.  റിലയന്‍സ് ഗ്രൂപ്പുമായുള്ള പങ്കാളിത്തം ദസോള്‍ട്ട് ഏവിയേഷന്‍ സ്വയം തീരുമാനിച്ചതായിരുന്നെന്ന് കമ്പനി തന്നെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ വ്യവസായ പങ്കാളി ആരാണെന്നോ ആരാകണമെന്നോ ഉള്ള കാര്യത്തില്‍ കമ്പനിയുടെ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. വിമാനങ്ങള്‍ കൃത്യമായി എത്തിച്ചു നല്‍കുന്നുണ്ടെന്നും അവയുടെ ഗുണമേന്‍മയും ഉറപ്പു വരുത്തുക മാത്രമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ചെയ്തതെന്നും ഫ്രാന്‍സ് വെള്ളിയാഴ്ച രാത്രിയില്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.