മോദി സർക്കാറിന്റെ നുണ പൊളിഞ്ഞു: റഫാൽ യുദ്ധവിമാന കരാറില്‍ റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്

single-img
22 September 2018

റഫാൽ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്നതിനിടെ മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒളാന്ദിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്നാണ് ഒലാന്ദിന്‍റെ വെളിപ്പെടുത്തല്‍.

റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ദാസോ ഏവിയേഷന്‍സുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. അനിൽ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യൻ സർക്കാർ ശുപാർശ ചെയ്തപ്പോൾ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങൾക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടു നിഷേധിച്ച ഇന്ത്യ, റഫാൽ വിമാനങ്ങൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ്‌ റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് ആവർത്തിച്ചു. ഒലോന്ദാണോ ഇതു പറഞ്ഞതെന്നു സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. വാണിജ്യപരമായ തീരുമാനത്തിൽ ഇന്ത്യയോ ഫ്രാൻസോ ഒന്നും പറഞ്ഞിട്ടില്ല. സർക്കാരിന് ആ തീരുമാനത്തിൽ ഒരു പങ്കുമില്ല- വക്താവ് അവകാശപ്പെട്ടു.

2015 ഏപ്രിൽ 10-നു പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിൽവെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വ ഒലോന്ദുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണു റഫാൽ വിമാനങ്ങൾ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. പുതിയ വെളിപ്പെടുത്തലുണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി രാജ്യത്തെ വഞ്ചിച്ചെന്നും ജവാന്മാരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ചെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം 2012-ൽ 590 കോടി രൂപയായിരുന്ന കരാർത്തുക 2015 ആയപ്പോൾ എങ്ങനെയാണ് 1690 കോടിയായതെന്നു കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ.) ഒഴിവാക്കി പ്രതിരോധരംഗത്തെ തുടക്കക്കാരായ റിലയൻസിനെ കരാറിൽ പങ്കാളിയാക്കിയെന്നാണു മോദിസർക്കാരിനെതിരേ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഇതിനു ശക്തിപകരുന്നതാണു ഒളന്ദോയുടെ വെളിപ്പെടുത്തൽ.

കോൺഗ്രസിന്റെ ആരോപണങ്ങൾക്കു മറുപടിയായി എന്തുകൊണ്ടാണു റിലയൻസ് കരാറിൽ ഉൾപ്പെട്ടതെന്നു വിശദീകരിക്കുന്ന രണ്ടുപേജ് വരുന്ന കത്ത് നേരത്തേ അനിൽ അംബാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ചിരുന്നു.