ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് മന്ത്രി ഇപി ജയരാജന്‍; കന്യാസ്ത്രീകള്‍ സമരം നടത്തിയിരുന്നില്ലെങ്കിലും സര്‍ക്കാര്‍ നടപടിയുണ്ടായേനെയെന്ന് എം.എ.ബേബി

single-img
22 September 2018

തിരുവനന്തപുരം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്ലാ തെളിവുകളും ലഭിച്ചതിനു ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.

സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും ഇരയ്ക്കുമൊപ്പമാണ് സര്‍ക്കാര്‍. അല്ലാതെ വേട്ടക്കാരനൊപ്പമല്ലെന്നു നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. വേട്ടക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കും അതാണ് ഇപ്പോള്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേസമയം ബിഷപ്പിനെതിരേ പരാതി നല്‍കിയ ശേഷം കന്യാസ്ത്രീകള്‍ സമരരംഗത്ത് ഇറങ്ങിയില്ലായിരുന്നുവെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചുവെന്ന വാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിനെതിരേ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചുവെന്ന ആരോപണം ശരിയല്ല. സമരത്തില്‍ ചിലര്‍ ദുരുദ്ദേശത്തോടെ ഉപയോഗിക്കുന്നുവെന്ന കാര്യമാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും ബേബി കൂട്ടിച്ചേര്‍ത്തു. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കും.

പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടയ ശേഷമായിരിക്കും നടപടി. പാര്‍ട്ടി തലത്തില്‍ പരാതി അന്വേഷിക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. പരാതിക്കാരിക്ക് എവിടെ വേണമെങ്കിലും പരാതി പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത് അവരാണ്. മറിച്ച് പോലീസിന് നല്‍കി നിയമപരമായി മുന്നോട്ടുപോകണമെങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അക്കാര്യം പരാതിക്കാരിയാണ് തീരുമാനിക്കേണ്ടതെന്നും എം.എ.ബേബി കൂട്ടിച്ചേര്‍ത്തു.