ബിജെപിയെ ‘കെട്ടുകെട്ടിച്ച’ എന്‍മകജെ പഞ്ചായത്തില്‍ സിപിഐ അംഗത്തിന്റെ പിന്തുണയോടെ ഭരണം യുഡിഎഫിന്

single-img
22 September 2018

എന്‍മകജെ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. സിപിഐ അംഗത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെ വൈ ശാരദ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയിലെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍. ഭട്ടും വൈസ് പ്രസിഡന്റ് കെ.പുട്ടപ്പയും രാജിവച്ച ഒഴിവിലേക്കു ശനിയാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പിലാണ് സിപിഐ അംഗം എസ്.ചന്ദ്രാവതിയുടെ പിന്തുണയോടെ ശാരദ വിജയിച്ചത്.

അവിശ്വാസ പ്രമേയത്തെ പിന്തുണച്ച രണ്ട് സിപിഎം അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നിന്നു. ബിജെപിക്കും യുഡിഎഫിനും ഏഴു വീതം സീറ്റുകളുള്ള പഞ്ചായത്തില്‍ വിജയിക്കാന്‍ വേണ്ടത് എട്ട് വോട്ടുകളായിരുന്നു. സിപിഎം അംഗങ്ങളായ ഹനീഫ നടുബയലും എം.പ്രേമയും സിപിഐ അംഗം എം.ചന്ദ്രാവതിയും യുഡിഎഫിനെ പിന്തുണച്ചതിനാല്‍ പത്ത് വോട്ടോടെയാണ് കഴിഞ്ഞ മാസം അവിശ്വാസം പാസായത്.

ബിജെപിക്കുവേണ്ടി രൂപവാണി ആര്‍.ഭട്ട് തന്നെയാണു മല്‍സരിച്ചത്. ഇവര്‍ക്ക് ഏഴും വൈ. ശാരദയ്ക്ക് എട്ടും വോട്ടുകള്‍ ലഭിച്ചു. സ്വജന പക്ഷപാതവും അഴിമതിയും ആരോപിച്ച് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പമേയം എല്‍ഡിഎഫ് പിന്തുണയോടെയാണ് പാസായത്. യുഡിഎഫില്‍ കോണ്‍ഗ്രസിനു നാലും മുസ്‌ലിം ലീഗിന് മൂന്നും അംഗങ്ങളാണുള്ളത്. 2016 നവംബറില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഐ അംഗം പിന്തുണച്ചിട്ടും സിപിഎമ്മിലെ അംഗങ്ങള്‍ വിട്ടു നിന്നതിനാല്‍ പാസായിരുന്നില്ല.