ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍; ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

single-img
22 September 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് രേഖപ്പെടുത്തിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ തന്നെ അറസ്റ്റ് നടന്നെന്ന വാര്‍ത്ത പരന്നെങ്കിലും സ്ഥിരീകരണം വരാന്‍‌ പിന്നേയും മണിക്കൂറുകള്‍ കഴിഞ്ഞു. ഒടുവില്‍ രാത്രി എട്ട് മണിയോടു കൂടിയാണ് പൊലീസ് അറസ്റ്റ് സ്ഥിരീകരിച്ചത്.

മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ ഇന്നലെ ഉച്ചയോടെ തന്നെ ബിഷപ്പിന്റെ അറസ്റ്റുണ്ടാകുമെന്ന സൂചന പൊലീസ് നല്‍കിയിരുന്നു. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച സാങ്കേതികത്വങ്ങള്‍ പിന്നേയും നീണ്ടു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് 1.15ഓടു കൂടി എസ്പിയുടെ തന്നെ വിശദീകരണം പുറത്തു വന്നു.

തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളെ കാണുമെന്നുള്ള അറിയിപ്പും വന്നു. എന്നാല്‍ എത്ര മണിക്കായിരിക്കും മാധ്യമങ്ങളെ കാണുകയെന്നത് സംബന്ധിച്ച് അവ്യക്തത അപ്പോഴും തുടര്‍ന്നു. 6.30ഓടു കൂടി എസ്.പി ഹൈടെക് സെല്‍ കെട്ടിടത്തിന് പുറത്തേക്കെത്തി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

നേരെ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെയുടെ വീട്ടിലെത്തിയ എസ്.പി ഐ.ജിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കൊടുവില്‍ അറസ്റ്റ് വൈകുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാത്രി 7.20ന് എസ്.പി മറുപടി നല്‍കി.

എസ്.പി യുടെ വാഹനം വീണ്ടും തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക്. തുടര്‍ന്ന എട്ടുമണിയോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 9.05 ന് വൈദ്യ പരിശോധനക്കായി ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. 9.50ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി കോട്ടയത്തേക്കും.