വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

single-img
21 September 2018

ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്തവരായി അധികം ആരും ഉണ്ടാവില്ല. ചിലര്‍ക്ക് കയ്യില്‍ പണമുണ്ടായിട്ടും വിസ പ്രശ്‌നങ്ങളാണ് ചിലപ്പോള്‍ വിലങ്ങു തടിയാകാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിസ വേണ്ടാതെയും കുറച്ചു ദിവസങ്ങള്‍ വിസയില്ലാതെയും താമസിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങളുണ്ട്. നമ്മുടെ രാജ്യത്തെ പാസ്‌പോര്‍ട്ടുമായി ഈ രാജ്യങ്ങളില്‍ കറങ്ങി നടക്കാം.

നേപ്പാള്‍

ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാള്‍ ആകര്‍ഷകമായ നിരവധി കാഴ്ചകള്‍ നിറഞ്ഞ ഭൂമിയാണ്. പാസ്‌പോര്‍ട്ടോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയോ കയ്യിലുണ്ടെങ്കില്‍, യാതൊരു തടസങ്ങളുമില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യമാണിത്. വിമാനമാര്‍ഗമല്ലാതെ, റോഡു മാര്‍ഗവും നേപ്പാളിലേക്ക് എത്തിച്ചേരാവുന്നതാണ്. അവധിക്കാലം ചെലവഴിക്കാന്‍ ഏറ്റവും മികച്ചയിടങ്ങളിലൊന്നാണ് നേപ്പാള്‍.

ഭൂട്ടാന്‍

രാജ്യത്തിലെ ദേശീയ വരുമാനം ഉയര്‍ന്നതല്ലെങ്കിലും മുഴുവന്‍ ജനതയുടെയും സന്തോഷം കണക്കിലെടുത്താല്‍ ഏറ്റവും മുന്‍നിരയില്‍ തന്നെ സ്ഥാനമുള്ള രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭൂട്ടാനും സ്ഥാനമുണ്ട്. റോഡ് മാര്‍ഗമോ, വിമാനത്തിലോ ഭൂട്ടാനിലെത്തി ചേരാം.

ഹിമാലയത്തിന്റെ മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഡോച്ചുലാ പാസ്, വാസ്തുവിദ്യയുടെയും തച്ചു ശാസ്ത്രത്തിന്റെയും അസാധാരണ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന പുനാഖ ഡോങ്, വാങ്‌ഡോ ഫൊദ്രങ്, ട്രെക്കിങ്ങ് പ്രിയര്‍ക്കായി ടാക്ട്‌സാങ് അല്ലെങ്കില്‍ ടൈഗര്‍സ് നെസ്റ്റ് മോണാസ്റ്ററി എന്നിവയെല്ലാം ഭൂട്ടാനിലെ മനസ്സുനിറയ്ക്കുന്ന കാഴ്ചകളാണ്.

ഹോങ്കോങ്ങ്

പതിനാലു ദിവസം വരെ ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന നിരവധി കെട്ടിടങ്ങളും നൈറ്റ് മാര്‍ക്കറ്റുകളും ഡിസ്‌നി ലാന്‍ഡും രുചികരമായ ഭക്ഷണവും നല്‍കുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികള്‍ക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രെയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാര്‍ക്കറ്റുകള്‍.

ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങള്‍, പാര്‍ട്ടികളോട് താല്പര്യമുള്ളവര്‍ക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള ലാന്‍ ക്വയ് ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാന്‍ കഴിയുന്ന ഡിസ്‌നി ലാന്‍ഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികള്‍ക്കായുള്ള കാഴ്ചകളാണ്.

മാല ദ്വീപുകള്‍

മധുവിധു ആഘോഷിക്കാനാണ് കൂടുതല്‍ പേരും ഈ രാജ്യം തെരഞ്ഞെടുക്കുന്നത്. മനോഹരമായ ബീച്ചുകളാണ് ഇവിടുത്തെ പ്രധാനാകര്ഷണം. ഇന്ത്യക്കാര്‍ക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന അയല്‍രാജ്യമാണിത്.
പാസ്‌പോര്‍ട്ടും തിരിച്ചുവരുന്നതിനുള്ള ടിക്കറ്റും കയ്യില്‍ കരുതണം. ലോകത്തിലെ തന്നെ അതിമനോഹരമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ബീച്ച് റിസോര്‍ട്ടുകള്‍ക്കു പേരുകേട്ട നാടാണ് മാലദ്വീപുകള്‍. അതുകൊണ്ടു തന്നെ അവിടുത്തെ താമസം സഞ്ചാരികളെല്ലാം ഇഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. യാത്ര അതിന്റെ പരിപൂര്ണതയില്‍ ആസ്വദിക്കണമെങ്കില്‍ വാട്ടര്‍ വില്ലകളില്‍ താമസിക്കണം.

മൗറീഷ്യസ്

വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് സന്ദര്‍ശന സമയത്ത് വീസ നല്‍കുന്നതാണ്. അതിനായി സന്ദര്‍ശകരുടെ കൈവശം പാസ്‌പോര്‍ട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസില്‍ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടല്‍ മല്‍സ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.

കംബോഡിയ

ലോക പ്രശസ്തമായ അങ്കോര്‍വാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുപ്പതു ദിവസത്തേക്ക് വീസ നല്‍കുന്ന രാജ്യമാണിത്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലിടമുള്ള അങ്കോര്‍വാത് ക്ഷേത്രത്തിലാണ് കംബോഡിയയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. അതിമനോഹരങ്ങളായ കാഴ്ചകള്‍ കൊണ്ട് നിശ്ചയമായും സഞ്ചാരികളുടെ മനസുകീഴടക്കുന്ന ഒരു രാജ്യമാണ് കംബോഡിയ.

ഖത്തര്‍

ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാം. ഇന്ത്യ ഉള്‍പ്പെടെ 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസത്തേക്കുള്ള വിസയാണ് നല്‍കുക. പ്രത്യേകാനുമതിയോടെ 30 ദിവസത്തേക്ക് കൂടി ഇത് നീട്ടാം. ഫലത്തില്‍ ഇന്ത്യക്കാര്‍ക്ക് രണ്ടുമാസം വരെ ഖത്തറില്‍ വിസ ഇല്ലാതെ തങ്ങാം.