ബിഷപ്പിനൊപ്പമെന്ന് പി.സി ജോര്‍ജ്: പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് ആരോപണം

single-img
21 September 2018

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെ പിന്തുണച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ വീണ്ടും രംഗത്ത്. ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറ് ഫോട്ടോകളും വീഡിയോയും തന്റെ പക്കലുണ്ടെന്നാണ് പി.സി ജോര്‍ജ് അവകാശപ്പെട്ടത്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനില്‍ നിന്ന് കന്യാസ്ത്രീ ദു:ഖിതയായി ഇരിക്കുന്നതായി കണ്ടുവെന്ന് പൊലീസ് വ്യാജമൊഴി എഴുതി വാങ്ങിയതാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

നേരത്തെയും ബിഷപ്പിനെ പിന്തുണച്ചും കന്യാസ്ത്രീയെ അധിക്ഷേപിച്ചും ജോര്‍ജ് രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ ഇരയെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം.