മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

single-img
20 September 2018

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് കിഴക്കന്‍ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്.

ട്വിറ്ററിലൂടെ ഒരു യൂറോപ്യന്‍ യുവതിയുമായി നാലു മാസം മുന്‍പ് അപകീര്‍ത്തി പ്രചരിപ്പിക്കും വിധം ആശയവിനിമയം നടത്തിയതിനെ തുടര്‍ന്ന് ദഹ്‌റാന്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സൗദിയില്‍ സമൂഹ മാധ്യമ നിയമം പുതുക്കി നിശ്ചയിച്ച ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണിത്.

രാജ്യത്തെ പൊതുമൂല്യങ്ങളെ പരിഹസിക്കുന്നതും നിന്ദിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നവിധം പോസ്റ്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കൂടാതെ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും നിരോധിത വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു