ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്തിന് ‘പണികിട്ടി’: 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും

single-img
20 September 2018

സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും. ചൊവ്വാഴ്ച നടന്ന എപ്പിസോഡില്‍ ശ്രീശാന്ത് മറ്റൊരു മത്സരാര്‍ഥിയായ സോമി ഖാനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഷോ വിടുമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടക്ക് വെച്ച് ഷോ നിര്‍ത്തിപ്പോവുകയാണെങ്കില്‍ 50 ലക്ഷം രൂപ പിഴ കളേഴ്‌സ് ടെലിവിഷന് നല്‍കണമെന്നാണ് കരാറിലുള്ളത്.

മൂന്നാം എപ്പിസോഡിലാണ് ശ്രീശാന്തിന്റെ പുറത്തുപോകലിന് ആസ്പദമായ നാടകീയ സംഭവങ്ങള്‍. മത്സരാര്‍ഥിയായ ശ്രീശാന്ത് വൈമുഖ്യം പ്രകടിപ്പിച്ചതോടെ ബിഗ് ബോസിന് ആദ്യ ടാസ്‌ക് ഒഴിവാക്കേണ്ടിവന്നു. ഇതില്‍ മറ്റ് മത്സരാര്‍ഥികള്‍ അതൃപ്തി അറിയിക്കുകയും ചിലരൊക്കെ ശ്രീശാന്തിനെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഷോയില്‍നിന്ന് പുറത്തുപോകാനുള്ള ആഗ്രഹം ശ്രീശാന്ത് പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യതയെക്കുറിച്ച് പരസ്പരം ചോദ്യംചെയ്യുക എന്നതായിരുന്നു ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിഗ് ബോസ് നല്‍കിയ ആദ്യ ടാസ്‌ക്. ജോടികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മത്സരാര്‍ഥികളെ ഒറ്റയ്‌ക്കെത്തിയവരായിരുന്നു ചലഞ്ച് ചെയ്യേണ്ടത്.

തുടര്‍ന്ന് ഇതില്‍ എല്ലാ മത്സരാര്‍ഥികളും പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കുന്ന രീതിയിലായിരുന്നു ടാസ്‌ക്. തന്റെ ഊഴം ആയപ്പോള്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് ശ്രീശാന്ത് പാനലിനൊപ്പം ഇരുന്നത്. ടാസ്‌ക് അനുസരിച്ചുള്ള ചര്‍ച്ച നടത്താനും ശ്രീശാന്ത് വിസമ്മതിച്ചു. മറ്റ് മത്സരാര്‍ഥികള്‍ നിര്‍ബന്ധിച്ചിട്ടും ബിഗ് ബോസിന്റെ മുന്നറിയിപ്പ് വന്നിട്ടും ശ്രീശാന്ത് ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് മാത്രമല്ല ഒരു വാക്ക് പോലും മിണ്ടിയില്ല. പിന്നാലെ ഈ ടാസ്‌ക് തന്നെ ബിഗ് ബോസ് ഉപേക്ഷിക്കുകയായിരുന്നു.

സീസണിലെ തങ്ങളുടെ ആദ്യ ടാസ്‌ക് റദ്ദാക്കപ്പെട്ടതില്‍ മിക്ക മത്സരാര്‍ഥികളും അതൃപ്തരായിരുന്നു. പല മത്സരാര്‍ഥികളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഷോയില്‍ നിന്ന് പിന്മാറാനുള്ള ആഗ്രഹം ശ്രീശാന്ത് വെളിപ്പെടുത്തുകയായിരുന്നു. ആളുകളെ രണ്ട് ദിവസം കൊണ്ട് വിലയിരുത്താന്‍ തനിക്കാവില്ലെന്നായിരുന്നു ശ്രീശാന്തിന്റെ പിന്നീടുള്ള പ്രതികരണം. ഇത്തരം ടാസ്‌കുകളാണ് ഈ ഷോയിലെങ്കില്‍ തനിക്ക് പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും ശ്രീ പറഞ്ഞു.

മുന്‍പ് ഝലക് ദിഖ്‌ലാ ജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴുള്ള ശ്രീശാന്തിന്റെ ഇറങ്ങിപ്പോക്ക് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. താന്‍ പരോളില്‍ ഇറങ്ങിയ സമയത്തായിരുന്നു ആ ഷോ എന്നും ഇപ്പോള്‍ ബിഗ് ബോസില്‍ വരുന്ന സമയത്ത് തനിക്ക് ഒന്നും തെളിയിക്കാനില്ലെന്നും ഷോ തുടങ്ങും മുന്‍പുള്ള അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ബിഗ് ബോസില്‍ നിന്ന് വോക്കൗട്ട് നടത്തേണ്ട സാഹചര്യമില്ലെന്നും.

https://www.facebook.com/ColorsTv.BiggBoss/videos/264179794435529/

https://www.facebook.com/ColorsTv.BiggBoss/videos/264179794435529/