പ്രളയ ധനസഹായം അനര്‍ഹമായി കൈപ്പറ്റിയ 500 പേരെ കളക്ടര്‍ അനുപമ ‘പൊക്കി’; പണം തിരിച്ച് പിടിച്ചു

single-img
20 September 2018

തൃശൂര്‍: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം അനര്‍ഹമായി കൈക്കലാക്കിയ 500 പേരില്‍ നിന്നും ജില്ലാഭരണകൂടം പണം തിരിച്ചുപിടിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരെ കണ്ടെത്തിയത്.

ധനസഹായം സംബന്ധിച്ച് നിരവധി പരാതികള്‍ ദിവസവും ലഭിക്കുന്നുണ്ടെന്നു അനുപമ പറഞ്ഞു. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അര്‍ഹരായ ചിലര്‍ക്ക് സഹായം ലഭിച്ചില്ലെന്ന പരാതിയുണ്ട്.

ബാങ്ക് അക്കൗണ്ട് നമ്പറില്‍ വന്ന പിശകും ആദ്യഘട്ടത്തില്‍ വ്യക്തമായ പരിശോധന നടത്താന്‍ കഴിയാത്തതുമാണ് കാരണം. വരും ദിവസങ്ങളില്‍ പ്രശ്‌നം പരിഹരിക്കും. ഇതിനകം 1,6000ത്തിലധികം പേര്‍ക്ക് പതിനായിരം രൂപ വീതം നല്‍കി.

1800 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തി കൂടും. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ 350 കോടിരൂപ വേണം. വീട് നഷ്ടപ്പെട്ടവരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

ഇവര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സൗകര്യം സൃഷ്ടിക്കുന്നതിലായിരിക്കും മുന്‍ഗണന. പ്രളയബാധിത പ്രദേശങ്ങളില്‍ ജിയോളജി വകുപ്പും കെ.എഫ്.ആര്‍.ഐയും നടത്തിയ പരിശോധനയില്‍ 25 സ്ഥലങ്ങള്‍ തത്കാലം വാസയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഒരു മഴ കൂടി കഴിഞ്ഞാലേ ഭൂപ്രകൃതി സംബന്ധിച്ച് വ്യക്തമായ നിഗമനങ്ങളിലെത്താനാകൂ. പ്രളയമാലിന്യം പൂര്‍ണമായും മാറ്റാനുള്ള നടപടി തുടരുകയാണ്. ഇലക്‌ട്രോണിക് സാധനങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ല.

കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ ഇവര്‍ക്ക് പലിശരഹിത വായ്പ ലഭിക്കും. 30,000 അപേക്ഷകള്‍ ഈ വിഭാഗത്തില്‍ ലഭിച്ചിട്ടുണ്ട്. 28 മുതല്‍ വായ്പ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര്‍ പറഞ്ഞു.