സൗദിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

single-img
19 September 2018

സൗദിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‌റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ യെമനില്‍ നിന്നാണ് ആക്രമണം നടത്തിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അസിര്‍ റീജ്യന്‍ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ അസാമി ആരോപിച്ചു.

അതിനിടെ ഹൂതികളുടെ കടല്‍ ബോംബാംക്രമണം നേരിടാന്‍ സൗദി ബഹ്‌റൈന്‍ തീരത്ത് സൈനിക പരിശീലനം. അമേരിക്കന്‍, ബ്രിട്ടീഷ് സൈനികരാണ് സഖ്യസേനക്കൊപ്പം പരിശീലനം സംഘടിപ്പിച്ചത്. കടലിലൂടെ സഞ്ചരിക്കുന്ന പ്രത്യേക റോക്കറ്റ് ഉപയോഗിച്ചായിരുന്നു പരിശീലനം.

കടലിലും കരയിലും കുഴിബോംബുകള്‍ സ്ഥാപിച്ച് ആക്രമണം നടത്തല്‍ ഹൂതികളുടെ പ്രധാനരീതികളിലൊന്നാണ്. യമനില്‍ ഇടപെടുന്ന സഖ്യസേനക്കും ഇത് ഭീഷണി സൃഷ്ടിക്കാറുണ്ട്. ഇത് സ്വമേധയാ കണ്ടെത്തി നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കടലിലൂടെ സഞ്ചരിക്കുന്ന പ്രത്യേക റോക്കറ്റ് തന്നെയുണ്ട്.

ഇതുപയോഗിക്കുന്ന പരിശീലനമാണ് സൗദി ബഹ്‌റൈന്‍ തീരത്ത് നടന്നത്. യമനിലെ കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ സൗദി അറേബ്യ നിരവധി പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. സുരക്ഷയും അഭിവൃദ്ധിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതില്‍ കച്ചവടത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിന്റെ മാര്‍ഗങ്ങള്‍ സുരക്ഷിതമായിരിക്കണമെന്നും ടാസ്‌ക് ഫോഴ്‌സ് കമാണ്ടര്‍ മൈക്കിള്‍ ഈഗണ്‍ പറഞ്ഞു.

അതിന് വേണ്ടിയാണ് പരിശീലനം. സഖ്യസേന കക്ഷികള്‍ ഓരോ നാല് മാസത്തിലും പരിശീലനം സംഘടിപ്പിക്കാറുണ്ട്. പോരായ്മകല്‍ പരിഹരിച്ച് മുന്നേറാന്‍ കൂടിയാണിത്. യു.എസും യു.കെയും ഉള്‍പ്പെടുന്നതാണ് പരിശീലനം. സൈനിക ഭാഗത്തെ പോരായ്മകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വര്‍ഷത്തില്‍ നാല് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.