പ്രണോയിയെ കൊലപ്പെടുത്താന്‍ അമൃതയുടെ അച്ഛന്‍ വാഗ്ദാനം ചെയ്തത് ഒരു കോടി: കൊലയാളിക്ക് ഐഎസ്‌ഐ ബന്ധം: കൊലപാതകത്തിന്റെ ചുരുളഴിയുന്നു

single-img
19 September 2018

തെലങ്കാനയിലെ ദുരഭിമാനക്കൊലയില്‍ അമൃതയുടെ അച്ഛന്‍ മാരുതി റാവു അറസ്റ്റില്‍. റാവുവിന്റെ സഹോദരന്‍ ശ്രാവണ്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ മാരുതി റാവുവാണ് മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്നു. കൊലപാതകം നടത്തിയ സുഭാഷ് ശര്‍മ, ശിവ, കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായ അഞ്ചുപേര്‍.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സുഭാഷ് ശര്‍മയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളെ കൃത്യത്തിനായി ബിഹാറില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. ഈ വര്‍ഷം ജൂണിലാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഒരു കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ചു. 16 ലക്ഷം അഡ്വാന്‍സ് നല്‍കി. സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്.

പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിലുള്ള അമൃതവര്‍ഷിണിയുെട പിതാവിന്റെ ദുരഭിമാനമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രണോയിയുടെ മരണത്തിന് പിന്നാലെ അമൃതവര്‍ഷിണി തന്നെയാണ് പിതാവിനും ബന്ധുക്കള്‍ക്കുമെതിരേ ആരോപണം ഉന്നയിച്ചത്.

ഗര്‍ഭം അലസിപ്പിച്ച് കാര്യങ്ങള്‍ ശാന്തമാകുംവരെ ഏതാനും വര്‍ഷം കാത്തിരിക്കാന്‍ പിതാവ് ആവശ്യപ്പെട്ടിരുന്നതായി അമൃത വര്‍ഷിണി വെളിപ്പെടുത്തി. തന്റെ പിതാവിന് ചില ദുഷ്ടചിന്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തുമെന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ല. അമൃത വര്‍ഷിണി പറഞ്ഞു.

ഇതിനിടെ, വിവാഹത്തിന് ആഴ്ചകള്‍ക്കു ശേഷം അമൃത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയാണ് അമൃതയുടെ പിതാവിന്റെ ദേഷ്യം ഇരട്ടിയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. അമൃത പോസ്റ്റ് ചെയ്ത വിഡിയോയേക്കാള്‍ ലൈക് പ്രണയ്‌യുടെ കൊലപാതകത്തിന്റെ വിഡിയോക്കു ലഭിക്കുമെന്ന് അമൃതയോട് പിതാവ് പറഞ്ഞതായി പ്രണയ്‌യുടെ ഒരു ബന്ധുവിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇതിനിടെ, ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം തുടര്‍ജീവിതം കഴിക്കാനാണ് തീരുമാനമെന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകില്ലന്നും അമൃത വര്‍ഷിണി വ്യക്തമാക്കി. എന്തു സംഭവിക്കുമെന്ന ഭീതിയുണ്ടെങ്കിലും വര്‍ഷിണിയെ ജീവിതാവസാനം വരെ സംരക്ഷിക്കുമെന്ന് കുമാറിന്റെ പിതാവ് പെരുമല്ല ബാലസ്വാമി പറഞ്ഞു. മനുഷ്യത്വത്തിനു മുന്നില്‍ ജാതി തോറ്റു പിന്‍മാറുമെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമാറിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം മതം ഒരു പ്രശ്‌നമായിരുന്നില്ലെന്നും തനിക്ക് സുഖമില്ലാത്തതിനാല്‍ കുമാര്‍ തന്നെയാണ് തനിക്കു വേണ്ടി ഗണേശ പൂജ ചെയ്തതെന്നും വര്‍ഷിണി പറഞ്ഞു.

https://www.youtube.com/watch?time_continue=80&v=bRej0VUwdrs