ബിജെപിയിലേക്ക് ചേക്കേറുന്ന കേരളത്തിലെ ആ കരുത്തന്‍ ആര്?

single-img
19 September 2018

‘അവന്‍ വരും, പാര്‍ട്ടി ചുമതലയുള്ളവനായിരിക്കും അവന്‍, അവന്‍ ശക്തനായിരിക്കും, ആ കരുത്തന്റെ വരവിന് വേണ്ടി പാര്‍ട്ടി കാത്തിരിക്കുകയാണ്’. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞ വാക്കുകളാണിത്.

മറ്റു പാര്‍ട്ടികളില്‍ നിന്നും മുന്‍നിര നേതാക്കള്‍ ബി.ജെ.പിയില്‍ വരുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ശ്രീധരന്‍ പിള്ള ഈ വാക്കുകള്‍ പറഞ്ഞത്. പല ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഈ പ്രസ്താവന വഴിമരുന്നിട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രമുഖ നേതാക്കള്‍ ആരും തന്നെ ബിജെപിയിലേക്ക് ചേക്കേറില്ലെന്ന് കോണ്‍ഗ്രസും സിപിഎമ്മും പറയുന്നുണ്ടെങ്കിലും ഇരു പാര്‍ട്ടികളും ഇക്കാര്യത്തില്‍ ‘രഹസ്യാന്വേഷണം’ നടത്തുന്നുണ്ടെന്നാണ് വിവരം.

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന നിസ്സാരമായി തള്ളിക്കളയാനാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ബിജെപിയിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ തന്റെ കരുത്ത് തെളിയിക്കാന്‍ ശ്രീധരന്‍ പിള്ള, കോണ്‍ഗ്രസ് സിപിഎം നേതാക്കളുമായി വിലപേശിയിട്ടുണ്ടെന്ന് ചില ബിജെപി നേതാക്കളും സമ്മതിക്കുന്നുണ്ട്.

എന്നാല്‍ ഏതൊക്കെ നേതാക്കളെയാണ് ബന്ധപ്പെട്ടതെന്ന് ഇവര്‍ പറയാനും തയ്യാറല്ല. വിവാദം ഭയന്ന് ബിജെപിക്കാര്‍ തങ്ങളെ സമീപിച്ചെന്ന കാര്യം സിപിഎം കോണ്‍ഗ്രസ് നേതാക്കളും മറച്ചുവെക്കുകയാണ്. അതിനിടെ, കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന് ആശംസയര്‍പ്പിച്ചതും തൊട്ടുപിന്നാലെ നന്ദി അറിയിച്ച് കൊണ്ട് മോദി ട്വീറ്റ് ചെയ്തതും അഭ്യൂഹങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലോ ബി.ജെ.പി നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ, കെ.സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലെത്തിക്കുന്ന ഏജന്റാണ് സുധാകരനെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ജയരാജന്റെ ആരോപണങ്ങള്‍ തള്ളിയ സുധാകരന്‍ താന്‍ കോണ്‍ഗ്രസുകാരനായി ജീവിച്ചു മരിക്കുമെന്ന് മറുപടി നല്‍കിയതോടെ ഈ വിവാദങ്ങള്‍ക്ക് താത്കാലിക ശമനമുണ്ടായി.

ഇതോടൊപ്പം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരും സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഉണ്ണിത്താന്റെ മകന്റെ ബിജെപി അനുഭാവം ചൂണ്ടിക്കാണിച്ചാണ് ഈ ഒരു പേര് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം കേരളത്തിലെ ഇടത് വലത് പാര്‍ട്ടികളിലെ അസംതൃപ്തരെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് വിവരം. പ്രാദേശികമായി ഇത്തരം നിരവധി നേതാക്കള്‍ ഇതിനോടകം തന്നെ ബി.ജെ.പിയിലെത്തിയിട്ടുണ്ട്.