മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനം; ഡോക്ടറും കാമുകിയും പിടിയില്‍: അന്വേഷണത്തില്‍ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ കണ്ടെത്തി

single-img
19 September 2018

സ്ത്രീകളെ മയക്കുമരുന്നു നല്‍കി ആകര്‍ഷിച്ച് ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും കാമുകിയും അറസ്റ്റില്‍. ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത അമേരിക്കയിലെ ഓര്‍ത്തോപെഡിക് സര്‍ജന്‍ 38 കാരനായ ഗ്രാന്റ് വില്യം റോബിഷോയും 31 കാരിയായ കാമുകി സെറിസ്സാ ലോറാ റിലേയുമാണ് അറസ്റ്റിലായത്.

മയക്ക് മരുന്ന് ഉപയോഗം, രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചൂ എന്നീ കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നൂറുകണക്കിനു സ്ത്രീകളെ ഇരുവരും ചേര്‍ന്ന് വലയിലാക്കുകയും ലൈംഗികാക്രമണത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.

റോബിന്‍ഷോയുടെ ഫോണില്‍നിന്ന് നിരവധി സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെത്തി. ചിലരുടെ നഗ്‌ന വീഡിയോകള്‍, ചിലര്‍ അബോധാവസ്ഥയിലുള്ള ദൃശ്യങ്ങള്‍ പീഡനത്തിന്റെ വീഡിയോകള്‍ എന്നിവയാണ് കണ്ടെത്തിയത്. വളരെ ആസൂത്രിതമായാണ് റൊബിഷ്യക്‌സും കാമുകി റിലേയും ചേര്‍ന്ന് തങ്ങളുടെ ഇരകളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു.

ഇരകളെ കണ്ടെത്തുന്നതിനായി റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുവരും ജോലി ചെയ്തിരുന്നു. കൂടാതെ, വന്‍കിട ഫെസ്റ്റിവലുകളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇവിടങ്ങളില്‍നിന്ന് തങ്ങള്‍ക്ക് അനുയോജ്യരായ ഇരകളെ കണ്ടെത്തുകയും സൗന്ദര്യവും ആകര്‍ഷകമായ പെരുമാറ്റവും കൊണ്ട് അവരെ കെണിയില്‍ വീഴ്ത്തുകയുമാണ് ചെയ്തിരുന്നത്.

കൊക്കെയിന്‍ അടക്കം വിവിധയിനം മയക്കുമരുന്നുകള്‍ നല്‍കി സ്ത്രീകളെ മയക്കിയ ശേഷം റൊബിഷ്യക്‌സിന്റെ ന്യൂപോര്‍ട്ട് ബീച്ചിലുള്ള വീട്ടിലെത്തിച്ചാണ് ഇവര്‍ ആക്രമണത്തിന് വിധേയമാക്കിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നടത്തിയ പ്രസ്‌കോണ്‍ഫറന്‍സിന് ശേഷം നിരവധി പേര്‍ പരാതിയുമായെത്തി. ഈ ദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ക്ക് വിശ്രമമുണ്ടാകില്ലെന്ന് ഓറഞ്ച് കൗണ്ടി പ്രോസിക്യൂട്ടര്‍സ് വക്താവ് മിഷേല്‍ വാന്‍ ഡെര്‍ ലിന്‍ഡന്‍ പറഞ്ഞു.

ആളുകള്‍ അവര്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ന്യൂസ് ഏജന്‍സിയായ എഎഫ്പിയെ അറിയിച്ചു. അതേസയമം തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ ഇരുവരും നിഷേധിച്ചു. സംയുക്ത വാര്‍ത്താ കുറിപ്പിലൂടെയാണ് തങ്ങള്‍ നിരപരാധികളാണെന്ന് ഇവര്‍ വ്യക്തമാക്കിയത്. കുറ്റം തെളിഞ്ഞാല്‍ റോബിഷോ 40 വര്‍ഷവും റിലേ 30 വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.