യുവാക്കളെ വശീകരിച്ച് കിടപ്പറരംഗങ്ങള്‍ പകര്‍ത്തി പണം തട്ടുന്ന യുവതി അറസ്റ്റില്‍: കാസര്‍കോട് സ്വദേശിനിയുടെ ‘ഹണിട്രാപ്പി’നെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

single-img
18 September 2018

ഹണിട്രാപ്പില്‍ പുരുഷന്‍മാരെ കുടുക്കി കിടപ്പറരംഗങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടിയ സംഘത്തിലെ യുവതി അറസ്റ്റില്‍. കളിയങ്ങാട് കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സിലെ എം. ഹഷിദ എന്ന സമീറയെയാണ് (32) കാസര്‍കോട്ടെ ആഡംബര ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പയ്യന്നൂരിലെ ഹോട്ടലുടമയായ മാതമംഗലത്തെ ഭാസ്‌കരന്റെ ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സമീറയെ അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ കുറുമാത്തൂര്‍ വെള്ളാരംപാറയിലെ ടി.മുസ്തഫയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

സമീറയെ പിടികൂടാന്‍ ഏതാനും ദിവസങ്ങളായി തളിപ്പറമ്പിലെ അന്വേഷണസംഘം കാസര്‍കോട്ട് തിരച്ചിലിലായിരുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലവും ബന്ധപ്പെടാറുള്ള വ്യക്തികളെയും കണ്ടെത്തിയശേഷം വലയിലാക്കുകയായിരുന്നു. മുസ്തഫയുടെ സഹോദരിയെന്ന നിലയില്‍ സമീറയെ ഭാസ്‌കരന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഭാര്യയുമായി അകന്നുനില്‍ക്കുകയായിരുന്ന ഭാസ്‌കരന് സമീറയെ വിവാഹം ചെയ്തുതരാമെന്ന് മുസ്തഫ അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂരില്‍ കൊണ്ടുപോയി വിവാഹാവശ്യത്തിനെന്ന പേരില്‍ സ്വര്‍ണവും തുണികളുമായി ഒന്നരലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ വാങ്ങി. തിരിച്ചുവന്ന് മുസ്തഫയുടെ വീട്ടില്‍വെച്ച് മാല അണിയിക്കുകയും ഇരുവരെയും ചേര്‍ത്തുനിര്‍ത്തി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

പരാതിക്കാരന്റെ വീട്ടുകാരോ നാട്ടുകാരോ അറിയാതെയായിരുന്നു കാര്യങ്ങള്‍ നടത്തിയത്. ആദ്യദിവസം തന്നെ ഭാസ്‌കരന്റെ കൂടെ താമസിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി സമീറ കാസര്‍കോട്ടേക്ക് പോയപ്പോഴാണ് തട്ടിപ്പാണെന്ന് ഭാസ്‌കരന് ബോധ്യമായത്.

അതേസമയം ചെമ്പന്തൊട്ടിയില്‍ നടന്ന വിവാദമായ പെണ്‍കെണി സംഭവത്തിലും സമീറയുടെ സാന്നിധ്യമുള്ളതായി സംശയമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. ഹണിട്രാപ്പില്‍ ഹഷിദയ്ക്ക് സഹായികളായി പ്രവര്‍ത്തിച്ച ചുഴലിയിലെ കെ.പി. ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), നെടയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നീ പ്രതികളെ ആഗസ്റ്റ് 24 ന് പൊലീസ് പിടികൂടിയിരുന്നു.

തളിപ്പറമ്പിലെ പല ഉന്നതന്‍മാരും സംഘത്തിന്റെ വലയില്‍ കുടുങ്ങിയെങ്കിലും ആരും പരാതിപ്പെടാത്തതിനാല്‍ കൂടുതല്‍ കേസെടുത്തിരുന്നില്ല. കണ്ണൂരിലും കാസര്‍കോട്ടുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ബ്‌ളാക്ക് മെയിലിംഗിലൂടെ ലഭിക്കുന്ന പണം വന്‍നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.