‘ഭര്‍ത്താവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് തന്റെ അച്ഛന്: അയാള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതുവരെ പോരാടും’: കൊല്ലപ്പെട്ട പ്രണോയിയുടെ ഭാര്യ അമൃത
തെലങ്കാനയില്‍ രണ്ടുദിവസം മുന്‍പ് നടന്ന ദുരഭിമാനക്കൊലയ്ക്ക് പിന്നില്‍ തന്റെ പിതാവാണെന്ന് കൊല്ലപ്പെട്ട പ്രണോയിയുടെ ഭാര്യ അമൃത. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉയര്‍ന്ന ജാതിയില്‍ പെട്ട അമൃതയെ പ്രണയിച്ച് വിവാഹം ചെയ്ത പട്ടികജാതി സമുദായത്തില്‍ പെട്ട പ്രണോയിയെ പട്ടാപ്പകല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അമൃതയുടെ പിതാവായ മാരുതി റാവുവിനെയും ബന്ധുവും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുലക്ഷം രൂപയാണ് പ്രണോയിയെ കൊല്ലാന്‍ ഇവര്‍ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയതെന്ന് പൊലീസ് പറയുന്നു.
ജനുവരിയിലായിരുന്നു അമൃതയും പ്രണോയിയും വിവാഹിതരായത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട അമൃതയെ പ്രണോയി വിവാഹം കഴിച്ചതില്‍ വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അമൃത ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും പിതാവ് വീണ്ടും അമൃതയെ ഫോണില്‍ വിളിച്ചു.
വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗര്‍ഭം അലസിപ്പിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടതായി അമൃത പറയുന്നു. എന്നാല്‍ ഇതിന് തയാറായില്ല. പ്രണോയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് അവര്‍ എന്നോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി.
കുഞ്ഞില്ലെങ്കില്‍ അവര്‍ക്ക് എന്നെ മറ്റ് പ്രശ്നങ്ങളില്ലാതെ വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന് കരുതിയാണ് ഈ കൊടും ക്രൂരത ചെയ്തതെന്ന് അമൃത പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് തന്റെ പിതാവാണെന്ന് അമൃത ഉറപ്പിച്ച് പറയുന്നു.
‘എന്റെ വീട്ടുകാര്‍ എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. പക്ഷെ ഇങ്ങനെ പൊതുസ്ഥലത്ത് വെച്ച് കൊന്നുകളയുമെന്ന് കരുതിയില്ല. പ്രണയെ കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇത് പോലെ ജാതിവെറിയുടെ പേരിലുളള കൊലപാതകങ്ങള്‍ ഇനി സംഭവിക്കരുത്.
ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണോയിയുടെ ആഗ്രഹം, ഇനി ഞാന്‍ അതിന് വേണ്ടി പോരാടുമെന്നും അമൃത പറയുന്നു. ഭര്‍ത്താവിനെ വെട്ടിക്കൊന്ന അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ലഭിക്കാന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങിയിരിക്കുകയാണ് അമൃത ഇപ്പോള്‍.
‘ജസ്റ്റിസ് ഫോര്‍ പ്രണയ്’ എന്ന ഫേസ്ബുക്ക് ക്യാംപയിനിലൂടെയാണ് പൊതുജനത്തിന്റെ സഹായത്തോടെ പോരാട്ടത്തിനൊരുങ്ങുന്നത്. ഈ പേജിലൂടെ പ്രണയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടങ്ങളെ ഏകോപിപ്പിക്കുകയാണ് അമൃതയുടെ ലക്ഷ്യം. തിങ്കളാഴ്ച്ച ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആറായിരം പേരാണ് പിന്തുടര്ന്നത്. ഇപ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം അറുപത്തയ്യായിരം പിന്നിട്ടു.
മൂന്ന് മാസം ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടശേഷം മടങ്ങുമ്പോഴായിരുന്നു പിന്നാലെ എത്തിയ അക്രമി പ്രണോയിയുടെ തലയില്‍ വെട്ടിയത്. വെട്ടേറ്റ് നിലത്ത് വീണ ഇയാളെ അക്രമി വീണ്ടും വെട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
Honor Killing: Telangana Man hacked to death in broad daylight pic.twitter.com/dH7j9vB42v
— Ashique Delilah (@DelilahAshique) September 14, 2018
ഒപ്പം അമൃതയും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രണോയ് വെട്ടേറ്റ് നിലത്ത് വീണയുടനെ ഗര്‍ഭിണിയായ അമൃത നിലവിളിച്ച് കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ച് ആശുപത്രിയിലേക്ക് ഓടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പ്രണയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.