നെഹ്‌റുവിനെ ഭയപ്പെടുന്ന സംഘപരിവാര്‍

single-img
18 September 2018

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സംഘപരിവാര്‍ നേതൃത്വം മുമ്പെങ്ങുമില്ലാത്ത വിധം ഭയപ്പെടുന്ന ഒരു സമയമാണിത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്നതിലുപരി നെഹ്‌റു എന്ന വ്യക്തി സംഘപരിവാര്‍ ആശയങ്ങള്‍ക്ക് എത്രത്തോളം എതിരായിരുന്നു എന്നുള്ളതാണ് ഈ ഭയത്തിന്റെ അടിസ്ഥാനം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വരെ അവരെ ചുട്ടുപൊള്ളിക്കുന്നുണ്ട്. അലഹബാദിലെ കുംഭമേള കായി ആനന്ദ ഭവന്‍ അടുത്ത സ്ഥാപിച്ചിരുന്ന നെഹ്‌റുവിന്റെ പ്രതിമ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം ചെയ്തത് കഴിഞ്ഞ ദിവസമാണ്. ബഹുസ്വരത എന്ന ഇന്ത്യയുടെ പാരമ്പര്യം സംഘപരിവാറിനെ എത്രത്തോളം അസ്വസ്ഥതപ്പെടുത്തുന്നു എന്നുള്ളതിന് തെളിവുകൂടിയാണ് ഈ സംഭവം.

ജവഹര്‍ലാല്‍ നെഹ്‌റുവിനും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും എതിരെ ഇക്കാലമത്രയും രൂക്ഷമായ വിമര്‍ശനങ്ങളാണ് സംഘപരിവാര്‍ ഉയര്‍ത്തിയിട്ടുള്ളത്. അതിനു കാരണവും പലതാണ്. സ്വാതന്ത്ര്യത്തിനുശേഷം സംഘപരിവാര്‍ അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയാത്തത് നെഹ്‌റുവും അദ്ദേഹത്തിന്റെ ആശയങ്ങളും ആണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. സ്വതന്ത്ര ഇന്ത്യ ആദ്യം ഭരിക്കേണ്ടിയിരുന്നത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആണെന്നും നെഹ്‌റു ആയിരുന്നില്ല എന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഇന്ത്യ നേരിട്ട പ്രശ്‌നങ്ങള്‍ നെഹ്‌റുവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും ആണെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതിന് ഉദ്ദേശവും മറ്റൊന്നല്ല.

സ്വതന്ത്ര ഇന്ത്യയെ ആദ്യം നയിക്കേണ്ടത് നെഹ്‌റു ആണെന്ന് ആദ്യം പറഞ്ഞത് മഹാത്മാഗാന്ധിയാണ്. രാജ്യത്തിന്റെ ബഹുസ്വരത അടിസ്ഥാനമാക്കിയുള്ള ആ കണ്ടെത്തല്‍ മഹാത്മാഗാന്ധി കൊല്ലപ്പെടുന്നതിന് ഒരു കാരണമായിട്ടുണ്ട്. ഗാന്ധിയുടെ വധം ഇന്ത്യയെ ആഭ്യന്തരമായി തകര്‍ക്കാത്ത അതിനു കാരണം നെഹ്‌റു എന്ന പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞതും കാട്ടിക്കൊടുത്തതും നെഹ്‌റുവായിരുന്നു. ഭരിക്കുന്ന ഇടങ്ങളില്‍ ഏകാധിപത്യം വരണമെന്ന് ആഗ്രഹിക്കുന്ന സംഘപരിവാറിന് എന്നുമൊരു എതിരാളിയായിരുന്നു നെഹ്‌റു. ഇക്കാരണം തന്നെയാണ് അദ്ദേഹത്തെ സംഘപരിവാര്‍ ഭയപ്പെട്ടതും.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഓര്‍മ്മകള്‍ പേറുന്ന ഒരു സ്മാരകവും സംഘപരിവാറിനെ അത്രത്തോളം അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞദിവസം അലഹബാദില്‍ കണ്ടതും. യോഗിയുടെ ഉത്തര്‍പ്രദേശില്‍ സംഘപരിവാറിന് എതിരെയുള്ള ഒരു കാര്യവും വേണ്ട എന്ന തീരുമാനത്തിന് ഭാഗം കൂടിയാണ് പ്രതിമ നീക്കം ചെയ്യല്‍. ജനാധിപത്യത്തിന്റെ അടിച്ചമര്‍ത്തല്‍ ആരംഭിക്കുവാനുള്ള മികച്ച ഇടം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഇടമാണെന്ന് സംഘപരിവാര്‍ കരുതുന്നു. അതുകൊണ്ടു തന്നെയാണ് അലഹബാദില്‍ ഈ സംഭവം നടന്നതും.

ഒരിക്കലും ഇടുങ്ങിയ ദേശീയതയോ മതമോ വര്‍ഗീയതയോ നെഹ്‌റുവിന്റെ ചിന്തകളില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യ എന്ന രാജ്യത്തിന്റെ ഹൃദയം മതത്തിലല്ല പകരം മനുഷ്യരിലാണ് എന്ന് വിശ്വസിച്ച അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ജവഹര്‍ലാല്‍. മതത്തിന് അടിമപ്പെടാത്ത ജീവിതത്തിനും വര്‍ഗീയതയെ പുല്‍കാന്‍ ഇടമില്ലാത്ത രാഷ്ട്രീയത്തിനുമെതിരെ സംഘപരിവാര്‍ രംഗത്തു വരുന്നത് സ്വാഭാവികം. മതവര്‍ഗീയതയെ വളക്കൂറുള്ള മണ്ണായിട്ടു കൂടി അവയ്ക്ക് രാജ്യത്തെ അടിയറ വയ്ക്കാതെ നെഹ്‌റുവും പിന്‍ഗാമികളും ശ്രദ്ധിച്ചിരുന്നു. ഈ കരുതല്‍ എല്ലാം സംഘപരിവാറിന് ഉള്ളില്‍ പകയായി വളര്‍ന്നു. അധികാരത്തിന്റെ ദണ്ഡ് കയ്യില്‍ വന്നപ്പോള്‍ അവര്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

നെഹ്‌റുവും ഇന്ദിരാഗാന്ധിയും ജനഹൃദയങ്ങളില്‍ അത്രയേറെ സ്വീകാര്യരായിരുന്നിട്ടും അടിയന്തരാവസ്ഥ പോലുള്ള കാര്യങ്ങളെ തള്ളിക്കളഞ്ഞവരാണ് ഇന്ത്യയിലെ ജനങ്ങള്‍. ജനാധിപത്യത്തിന്റെ ധ്വംസനത്തിന് ഇന്ത്യക്കാര്‍ മറുപടി പറഞ്ഞത് തെരഞ്ഞെടുപ്പിലൂടെ ആയിരുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ കാട്ടിത്തരുന്നത് ജനാധിപത്യത്തിന്റെ ശക്തിയെയാണ്. സംഘപരിവാര്‍ ഭയപ്പെടുന്നതും ആ ശക്തിയെ തന്നെയാണ്. ആ ശക്തിയെ തളര്‍ത്തി സ്വന്തം ആധിപത്യം എക്കാലവും അടിച്ചേല്‍പ്പിക്കാനാണ് ബി ജെ പിയും സംഘ് പരിവാറും ശ്രമിക്കുന്നത്. എന്നാല്‍ ഇതിനുള്ള മറുപടി ഒറ്റവാക്യത്തില്‍ ഒതുക്കാം. ഇത് ഇന്ത്യയാണ്… ഇവിടെയുള്ള ഭൂരിപക്ഷം ജനാധിപത്യബോധമുള്ളവരും…