കോണ്‍ഗ്രസിനെ പുകഴ്ത്തി ആര്‍എസ്എസ്: സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് പ്രധാനമെന്ന് മോഹന്‍ ഭാഗവത്

single-img
18 September 2018

ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. സ്വതന്ത്ര ഇന്ത്യക്കായുള്ള സമരത്തില്‍ കോണ്‍ഗ്രസ് പ്രധാന പങ്ക് വഹിച്ചെന്നും രാജ്യത്തിനായി അവര്‍ നിരവധി നേതാക്കളെ സമ്മാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഭാരതത്തിന്റെ ഭാവി ഒരു ആര്‍എസ്എസ് വീക്ഷണം’ എന്ന പേരില്‍ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ത്രിദിന പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് വലുതാണ്. ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാറും കോണ്‍ഗ്രസ് അംഗമായിരുന്നു. ആര്‍എസ്എസിന്റെ ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. ആര്‍എസ്എസ് ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ല. ആര്‍എസ്എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ വിശദീകരണം.

രാജ്യത്തെ സാംസ്‌കാരിക വൈവിധ്യം ആദരിക്കപ്പെടേണ്ടതാണെന്നു പറഞ്ഞ അദ്ദേഹം നാനാത്വം സമൂഹത്തില്‍ ഭിന്നിപ്പിന് കാരണമാക്കരുതെന്നും അഭിപ്രായപ്പെട്ടു. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ ഇല്ലാതാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. സമൂഹത്തെ തന്റേതായി കാണുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെയ്യുന്നത്. ആര്‍എസ്എസിനെ ജനത്തിന് നന്നായി മനസിലാക്കുന്നതിനാണ് ത്രിദിന പരിപാടി ലക്ഷ്യമിടുന്നതെന്നും ഭാഗവത് പറഞ്ഞു.