വാഹന ഉടമകള്‍ക്ക് കേരള പൊലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും മുന്നറിയിപ്പ്

single-img
18 September 2018

വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും, ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടു കഴിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പൊലീസ് വ്യക്തമാക്കുന്നു. ഔദ്യോഗിക ഫേസ്ബുക്കിലൂടെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നിയമ നടപടിയുണ്ടാകും. റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ല. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു.

വാഹനനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല. എന്നാല്‍ നിയമാനുസൃതം രൂപമാറ്റം നല്‍കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാറ്റം വരുത്താവുന്നതാണ്. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതപോലെ ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയുമില്ല. തീവ്രമായ പ്രകാശമുള്ള ലൈറ്റുകള്‍, എയര്‍ഹോണുകള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാം. കൂടാതെ, ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം പിഴ ചുമത്താനുള്ള നടപടിയും സ്വീകരിച്ചു വരുന്നു.

ഇത്തരം രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന മറ്റ് സഹയാത്രികരടേയും ജീവനു ഭീഷണിയാണ്. ആയതിനാല്‍ നിയമപ്രകാരമല്ലാതേയും ആവശ്യമായ അനുമതി വാങ്ങാതെയും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കരുത്’.