പ്രധാനമന്ത്രിയുടെ മൊത്തം ആസ്തി 2.28 കോടി

single-img
18 September 2018

സർക്കാർ പുറത്തുവിട്ട പുതിയ കണക്കുകളനുസരിച്ച് 2017-’18 സാമ്പത്തികവർഷം പ്രധാനമന്ത്രിയുടെ മൊത്തം ആസ്തി 2.28 കോടിയുടേതാണ്. അദ്ദേഹത്തിന്റേതായുള്ള സ്ഥാവരവസ്തുക്കളുടെ വിപണിമൂല്യംകൂടി കണക്കിലെടുത്തുള്ളതാണ് ഈ തുക. 2016-’17 സാമ്പത്തികവർഷം രണ്ടുകോടിയായിരുന്നു ആസ്തി.

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള എസ്.ബി.ഐ. ശാഖയിൽ അദ്ദേഹത്തിനുള്ള നിക്ഷേപം കഴിഞ്ഞ സാമ്പത്തികവർഷം 1,33,496 രൂപയായിരുന്നത് ഇക്കൊല്ലം 11.2 ലക്ഷമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തികവർഷം 90 ലക്ഷം രൂപയുണ്ടായിരുന്ന സ്ഥിരനിക്ഷേപം 1.7 കോടി രൂപയായി.

കടപ്പത്രത്തിൽ നിക്ഷേപമായി 20,000 രൂപയും ദേശീയ സമ്പാദ്യപദ്ധതിയിൽ 5,18,235 രൂപയും എൽ.ഐ.സി.യിൽ 1,59,281 രൂപയുമുണ്ട്.

പ്രധാനമന്ത്രിക്ക് സ്വന്തമായി വാഹനമില്ല. മാർച്ച് 31 വരെയുള്ള വിവരമനുസരിച്ച് 1,38,060 രൂപ മൂല്യംവരുന്ന നാല് സ്വർണമോതിരങ്ങൾ അദ്ദേഹത്തിനുണ്ട്. ഈ മോതിരങ്ങളുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവർഷം 1,28,000 രൂപയായിരുന്നു. അഹമ്മദാബാദിൽ അദ്ദേഹത്തിന് സ്വന്തമായി ഭൂമിയുണ്ട്. 2002 ഒക്ടോബറിൽ വാങ്ങിയതാണിത്.

ഇതിന്റെ ഇപ്പോഴത്തെ വിപണിമൂല്യം ഒരുകോടി വരുമെന്നാണ് വിലയിരുത്തുന്നത്. മോദിയുടെ കൈവശം 48,944 രൂപമാത്രം. മാർച്ച് 31-നുള്ള കണക്കാണിത്. കഴിഞ്ഞവർഷം ഇതേസമയം അദ്ദേഹത്തിന്റെ കൈവശം ഒന്നരലക്ഷം രൂപയുണ്ടായിരുന്നു.