‘സർക്കാർ സമ്മതിച്ചാല്‍ 35 -40 രൂപയ്ക്ക് ഞാൻ ഇന്ത്യയിൽ പെട്രോളും ഡീസലും നൽകും’; വീരവാദം മുഴക്കി ബാബ രാംദേവ്

single-img
17 September 2018

രാജ്യത്തെ ഇന്ധന വില കുറച്ചില്ലെങ്കിൽ നരേന്ദ്ര മോദി സർക്കാർ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് യോഗ ഗുരു ബാബ രാംദേവ്. സർക്കാർ നികുതി ഇളവ് തരുമെങ്കിൽ 35 -40 രൂപയ്ക്ക് ഞാൻ ഇന്ത്യയിൽ പെട്രോളും ഡീസലും നൽകും. 2014ലെ തിരഞ്ഞെടുപ്പിലേത് പോലെ താൻ ഇനി ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരണമെന്നും രാംദേവ് ആവശ്യപ്പെട്ടു. താൻ രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിട്ടുനിന്നതാണ്. ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല. ഞാൻ എല്ലാ പാർട്ടിക്കാർക്കും ഒപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. റാഫേൽ ഇടപാടിൽ ചില രാഷ്ട്രീയ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എങ്കിലും അഴിമതി തടയൽ, ശുചീകരണ മിഷൻ തുടങ്ങിയ നല്ല കാര്യങ്ങൾ മോദി ചെയ്തു. പശുവിനെ മതപരമായ മൃഗമാക്കുന്ന ശരിയല്ല. പശുവിന് മതമില്ലെന്നും രാംദേവ് ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.