കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനമായി നല്‍കിയത് പെട്രോള്‍

single-img
17 September 2018

സാധാരണ കൂട്ടുകാരൻറെ വിവാഹത്തിന് സ്വർണമോ പണമോ മറ്റു സമ്മാനങ്ങളോ ഒക്കെ ആയിരിക്കും സുഹൃത്തുക്കൾ നല്‍കുക. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഗൂഡല്ലൂരിലെ ഒരുകൂട്ടം യുവാക്കൾ പെട്രോളാണ് സമ്മാനമായി നൽകിയത്. 5 ലിറ്റർ പെട്രോൾ ആണ് ഇവർ വിവാഹ വേദിയിലെത്തി വധുവിനും വരനും ആയി സമ്മാനിച്ചത്.

കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിയനും കനിമൊഴിയുമാണ് വേറിട്ട വിവാഹ സമ്മാനം ലഭിച്ച ദമ്പതികള്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കളാണ് ദമ്പതികള്‍ക്ക് പെട്രോള്‍ സമ്മാനമായി നല്‍കിയത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരായ പ്രതിഷേധമാണ് ഈ പ്രതികരണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രഭു പറഞ്ഞു.

ഇന്ധനവില ദിനംപ്രതി കൂടുന്നത് സംബന്ധിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ബോധവല്‍ക്കരിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നുന്നെന്ന് പ്രഭു പറഞ്ഞു.ദമ്പതികള്‍ക്ക് ലഭിച്ച വിവാഹ സമ്മാനം കണ്ട് കുടുംബാംഗങ്ങള്‍ ആദ്യം അന്തം വിട്ടു. കൂട്ടുകാര്‍ തന്നെ ആ പെട്രോള്‍ വരന്‍റെ ബൈക്കില്‍ നിറച്ച ശേഷമാണ് മടങ്ങിയത്. 85.15 രൂപയാണ് പെട്രോളിന് തമിഴ്നാട്ടിലെ വില.