Kerala

നിലമ്പൂരില്‍ ഒരുകോടിയുടെ നിരോധിത കറന്‍സി പിടിച്ചു: ത‌‌ട്ടിപ്പു സംഘ‌ങ്ങൾ നിരോധിത നോ‌‌ട്ടുകൾ ശേഖരിക്കുന്നത് എന്തിന്?

നിലമ്പൂര്‍: നിലമ്പൂരില്‍ ഒരുകോടി രൂപയുടെ നിരോധിത കറന്‍സി പോലീസ് പിടികൂടി. 1000, 500 രൂപയുടെ കറന്‍സികള്‍ അടങ്ങുന്ന ഈ തുക വടപുറം പാലപ്പറമ്പില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അഞ്ചംഗ സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്.

അറസ്റ്റുചെയ്ത തിരുവനന്തപുരം ശ്രീകാര്യം ചാവടി കാവ് സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജനകോവില്‍ മുനീശ്വര്‍ സ്ട്രീറ്റ് സ്വദേശി സോമനാഥന്‍ (71), കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി വീട്ടില്‍ ഫിറോസ് ബാബു (31), കൊണ്ടോട്ടി ചിറയില്‍ സ്വദേശി ജസീന മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം സ്വദേശി എരിക്കുന്നന്‍ വീട്ടില്‍ ഷൈജല്‍ (32) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

ജില്ലയിലെ കൊണ്ടോട്ടി, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലെ ചില ഏജന്റുമാര്‍ നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഒരാഴ്ചയോളം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

ഒരു കോടിയുടെ നിരോധിത കറന്‍സിയുമായി വിതരണത്തിന് രണ്ട്‌ കാറുകളിലെത്തിയതായിരുന്നു അഞ്ചംഗസംഘം. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് തൃശ്ശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ഒരു സംഘമാണ് ഇത്തരം നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നതിന് പ്രധാന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള കറന്‍സി വിതരണ ഏജന്‍സികളുമായി ബന്ധപ്പെടുത്തി ഒരുകോടി നിരോധിത കറന്‍സിക്ക് 35 ലക്ഷം രൂപവരെ വില നല്‍കിയാണ് വില്പനയും വിതരണവും നടത്തുന്നതെന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.

തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍ പ്രത്യേകം ഏജന്റുമാര്‍ ശേഖരിച്ചുവെച്ച നിരോധിത കറന്‍സികള്‍ വിതരണത്തിനായി കേരളത്തിലുള്ള പല ഏജന്റുമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രതികള്‍ മൊഴിനല്‍കി.

ത‌‌ട്ടിപ്പു സംഘ‌ങ്ങൾ നിരോധിത നോ‌‌ട്ടുകൾ ശേഖരിക്കുന്നത് എന്തിന്? …

സംസ്ഥാനത്തിനു പുറത്തെ ബാങ്കുകൾ മുഖേന കറൻസി മാറ്റിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വൻകിട സംഘങ്ങൾ കമ്മീഷൻ പറ്റി ഇടത്തട്ടുകാരെ പറ്റിക്കുന്നതാണ് തട്ടിപ്പിലെ ഒരു ഘട്ടം. വാഗ്ദാനം വിശ്വസിച്ച് ചെറിയ തുക നൽകി പഴയ നോട്ടുകൾ ശേഖരിക്കുകയാണ് ഇടത്തട്ടുകാർ ചെയ്യുന്നത്.

എന്നാൽ ഒരു സംഭവത്തിൽപ്പോലും നോട്ടുകൾ മാറ്റി നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. പണം നഷ്ടമായവർ പരാതിപ്പെടാൻ ഇടയില്ലാത്തതിനാൽ തട്ടിപ്പ് തടസ്സമില്ലാതെ തുടരുകയാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നെത്തിച്ചതും സംസ്ഥാനത്തിനകത്തുനിന്ന് ശേഖരിച്ചതുമായി നിരോധിത നോട്ടുകൾ പലയിടത്തുമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം ത‌‌ട്ടിപ്പു സംഘ‌ങ്ങൾ നോട്ടുകളിലുള്ള റിസർവ് ബാങ്കിന്റെ സുരക്ഷാനൂൽ എടുക്കുന്നതായും സൂചനയുണ്ട്. ഈ സുരക്ഷാനൂൽ പുതിയ കറൻസികളുടെ വ്യാജൻ നിർമിക്കാൻ ഉപയോഗിക്കുന്നു. ഈ നൂലാണ് കള്ളനോട്ടുകൾക്ക് കൂടുതൽ വിശ്വാസ്യത നൽകുന്നത്. നേപ്പാളിലെത്തുന്ന നോട്ടുകൾ പാകിസ്ഥാനിലേക്കു കടത്തിയശേഷം അവിടെയാണ് കള്ളനോട്ട് നിർമാണം നടക്കുന്നതെന്നാണ് സൂചന.

നിരോധിത നോട്ടുകൾ കൈമാറുന്നതിന് കുറഞ്ഞ ശിക്ഷ മാത്രമാണ് ലഭിക്കുന്നത്. ഇതും തട്ടിപ്പുകാർക്ക് സഹായകരമാകുന്നുണ്ട്. 2017-ലെ സ്‌പെസിഫൈഡ് ബാങ്ക് നോട്ട് ആക്റ്റ് പ്രകാരമാണ് ഇത്തരക്കാർക്കെതിരേ കേസെടുക്കുന്നത്. നിരോധിച്ച പത്തു നോട്ടുകൾ വരെ ഒരാൾക്ക് സൂക്ഷിക്കാം.

പഠനാവശ്യത്തിനായി ഇരുപത്തിയഞ്ചു നോട്ടുകൾ വരെ കൈവശം വെയ്ക്കാം. കൂടുതൽ നോട്ടുകൾ കൈവശം വെച്ചാൽ പിഴശിക്ഷയാണുള്ളത്. പതിനായിരം രൂപയോ പിടിക്കപ്പെട്ട നോട്ടിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടിയോ പിഴ അടയ്ക്കേണ്ടിവരും.