കേരളത്തിന് നല്‍കുന്ന സാമ്പത്തിക സഹായം യുഎഇ പുനപ്പരിശോധിക്കും

single-img
16 September 2018

പ്രളയത്തില്‍പ്പെട്ട കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് സാന്പത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കുമെന്ന്
റിപ്പോര്‍ട്ട്. വിദേശ സര്‍ക്കാരുകള്‍ പരോക്ഷമായി പോലും ദുരിതാശ്വാസത്തിന്
സഹകരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ്
മനംമാറ്റമെന്നു സൂചനയുണ്ട്.

 

ഇന്ത്യയിലെ തായ്ലണ്ട് കന്പനികള്‍ കേരളത്തിനു ദുരിതാശ്വാസ സഹായം നല്‍കുന്ന
ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതിയോട് വിദേശകാര്യ മന്ത്രാലയം
കഴിഞ്ഞ ദിവസം അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. അക്കാര്യം അദ്ദേഹം
ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്
സഹായം നല്‍കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണു യുഎഇയുടെ
വിലയിരുത്തല്‍ .

വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകള്‍
മുഖേനയുള്ള സഹായത്തിന് തടസ്സമില്ലെന്നുമാണു കേന്ദ്രം ആദ്യം
വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് യുഎഇ പ്രസിഡന്‍റ് നേതൃത്വം നല്‍കുന്ന
ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാന്‍ ആലോചന നടന്നു. തുടര്‍
നടപടികള്‍ക്കായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം
സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ്, തായ്ലണ്ട്
സ്ഥാനപതിയുടെ ട്വീറ്റ് വന്നത്.

യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തെന്നു പ്രമുഖ വ്യവസായി
എം.എ.യൂസഫലിയില്‍ നിന്നു വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
വെളിപ്പെടുത്തിയതിനു പിന്നാലെയാണു വിവാദം ഉടലെടുത്തത്. വിദേശ സഹായം
വാങ്ങില്ലെന്നാണു 2004 മുതലുള്ള നയമെന്നു കേന്ദ്ര സര്‍ക്കാര്‍
നിലപാടെടുത്തു. ഓരോ രാജ്യവുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍
തീരുമാനമെടുക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്ന് സുപ്രീം കോടതിയും
പറഞ്ഞിരുന്നു.