പിന്നില്‍ നിന്ന് കുത്തിയത് ഘടകകക്ഷികള്‍ ; കെ.കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ല:കെ മുരളീധരന്‍

single-img
16 September 2018

തിരുവനന്തപുരം: കെ.കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളധീരന്‍ എംഎല്‍എ. കരുണാകരന്‍ തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്ന് കരുണാകരന്‍ പറഞ്ഞിട്ടില്ല. ഇനി ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ പൊതുചര്‍ച്ച നടക്കുന്നതില്‍ തനിക്ക് താത്പര്യമില്ല. തെളിവില്ലാതെ മൈതാന പ്രസംഗം കൊണ്ട് കാര്യമില്ല. ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതി കിട്ടാത്തത് കരുണാകരന് മാത്രമാണ്. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്. അതാണ് കോടതി വിധിയെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സിഎംപിയും എന്‍ഡിപിയും മാത്രമാണ് കരുണാകരനെ പിന്തുണയ്ക്കാന്‍ തയ്യാറായതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പിവി നരസിംഹറാവുവിന്റെ നിലപാട് കൊടും ചതിയായിരുന്നു എന്ന് കരുണാകരന്‍ പറഞ്ഞിരുന്നു.

ചാരക്കേസ് നാളുകളില്‍ നരസിംഹറാവു കൈവിട്ടില്ലായിരുന്നു എങ്കില്‍ കരുണാകരന് ഇത്ര അപചയം ഉണ്ടായില്ലായിരുന്നു. കരുണാകരന്റെ ജീവിതത്തിലെ കറുത്തപാട് മരണശേഷമെങ്കിലും മാറിയതില്‍ സന്തോഷമുണ്ട്. ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.