പൂര്‍ണ്ണ ഗര്‍ഭിണിയെ കയ്യിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പൊലീസ് ഉദ്യോഗസ്ഥന്‍

single-img
16 September 2018

ഉത്തര്‍പ്രദേശിലാണ് എല്ലാപേര്‍ക്കും മാതൃകയാകേണ്ട ഉത്തരവാദിത്തം ഒരു എസ്ഐ
കാണിച്ചത്. പൂര്‍ണ്ണഗര്‍ഭിണിയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍
ആംബുലന്‍സോ മറ്റ് വാഹന സൌകര്യമോ ലഭ്യമാകാതെ വന്നപ്പോള്‍ മറ്റൊന്നും
പൊലീസ് ഉദ്യോഗസ്ഥന്‍ ചിന്തിച്ചില്ല. വേദന കൊണ്ടു പുളയുന്ന ഗര്‍ഭിണിയെ
അയാള്‍ കയ്യിലെടുത്ത് പൊക്കി ആശുപത്രിയിലേക്ക് നടന്നു. ബുദ്ധിമുട്ടൊന്നും
ഉണ്ടാകാതെ ആശുപത്രിയിലെത്തിയ സ്ത്രീ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും
ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

ഉത്തര്‍പ്രദേശില്‍ മഥുരയിലെ കണ്‍ഡോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷന്
സമീപത്തുള്ള ഗ്രാമത്തില്‍ ഭാവന എന്ന യുവതിയാണ് പ്രസവവേദന നേരിടുന്പോള്‍
ആശുപത്രിയിലെത്താനാകാതെ വിഷമിച്ചത്. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍
വാഹനം അന്വേഷിച്ച് നില്‍ക്കുന്ന ഭര്‍ത്താവിനെ യാദൃച്ഛികമായാണ് എസ്ഐ സോനു
രജൌറ കണ്ടത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനെ
വിളിച്ചെങ്കിലും ദുര്‍ഘടം നിറഞ്ഞ വഴിയിലൂടെ അംബുലന്‍സിന്
എത്തിച്ചേരാനാകില്ലെന്നും ആ പ്രദേശത്ത് ആംബുലന്‍സ് സര്‍വ്വീസ്
കുറവാണെന്നുമായിരുന്നു രജൌറയ്ക്ക് ലഭിച്ച മറുപടി. തുടര്‍ന്ന്
ഓട്ടോറിക്ഷയില്‍ ഗര്‍ഭിണിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും
പ്രവസവേദനയായതിനാല്‍ അതിന് സൌകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക്
കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വേദന ശമിപ്പിക്കാനുള്ള യാതൊരു
മരുന്നും നല്‍കാതെയാണ് ഭാവനയെ ജില്ലാ ആശുപത്രി തിരിച്ചയച്ചത്.

ദൂരെയുള്ള പ്രസവ ആശുപത്രിയിലെത്തിക്കാന്‍ ഒരു സ്ട്രെക്ച്ചര്‍ പോലും
കിട്ടിയിരുന്നില്ല. കടുത്ത വേദനയനുഭവിക്കുന്ന യുവതിയ പിന്നെ
രണ്ടാമതൊന്നും ആലോചിക്കാതെ എസ്ഐ തന്‍റെ കയ്യില്‍ താങ്ങിയെടുത്ത്
ആശുപത്രിയിലേക്ക് കൊണ്ടുപോയി. രജൌറ ഗര്‍ഭിണിയെ താങ്ങിക്കൊണ്ടുപോകുന്ന
ദൃശ്യങ്ങള്‍ വൈറലാകുകയാണ്. നിരവധിപേരാണ് രജൌറയെ അഭിനന്ദിച്ച്
രംഗത്തെത്തിയത്.