കന്യാസ്ത്രീയെ മാനസികമായി തകര്‍ക്കാന്‍ ശ്രമമെന്ന് സഹോദരന്‍;വത്തിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്ത; ആരോപണങ്ങളുമായി കന്യാസ്ത്രീയുടെ സഹോദരന്‍

single-img
15 September 2018

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ മാനസികമായി തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് സഹോദരന്‍ ആരോപിച്ചു. നിരന്തരം ബുദ്ധിമുട്ടിച്ചും വിഷമത്തിലാക്കിയും അവര്‍ സഹോദരിയെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കന്യാസ്ത്രീയുടെ ചിത്രം സഹിതമുള്ള വാര്‍ത്താക്കുറിപ്പ് മിഷനറീസ് ഒഫ് ജീസസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു സഹോദരന്‍.

‘ബിഷപ്പിനെതിരെ പരാതിയുയര്‍ന്നത് അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചെന്നതു തെറ്റായ വാര്‍ത്തയാണെന്നാണ് തോന്നുന്നത്. നടപടിയെടുക്കാന്‍ സാധാരണഗതിയില്‍ 2-3 ദിവസം വേണം. മാര്‍പാപ്പയ്ക്കു മുന്നില്‍ വിഷയം എത്തിക്കുകയാണു വേണ്ടതെങ്കില്‍ അവര്‍ക്ക് ഇന്നുതന്നെ ചെയ്യാവുന്നതാണ്. അവരങ്ങനെ ചെയ്തിരുന്നെങ്കില്‍ കേസുമായി ബന്ധമുള്ളവരെ വത്തിക്കാന്‍ അറിയിക്കുമായിരുന്നു’ എന്നും സഹോദരന്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ അത്തരത്തിലൊരു കത്ത് വത്തിക്കാനില്‍നിന്നോ മറ്റോ കിട്ടിയിട്ടില്ല. അതുകൊണ്ടാണിതു വ്യാജവാര്‍ത്തയാണെന്നു പറയേണ്ടിവരുന്നത്. കുറ്റാരോപിതനായ വ്യക്തിയുടെയും സംഘത്തിന്റെയും ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇങ്ങനെയൊരു വാര്‍ത്ത.