പി.കെ.ശശി എം.എല്‍.എയ്‌ക്കും, ഡി.വൈ.എഫ്.ഐ നേതാവിനും എതിരെ ഉയര്‍ന്ന ലൈംഗീക പീഡനപരാതിയെപറ്റി വാട്‌സാപ്പില്‍ പരാമര്‍ശം;സർക്കാർ ജീവനക്കാരന് സസ്പെൻഷൻ.

single-img
15 September 2018

കാസര്‍കോഡ്: പി.കെ.ശശി എം.എല്‍.എയ്‌ക്കും, ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്‌സാപ്പില്‍ പരാമര്‍ശം നടത്തിയതിന്റെ പേരിൽ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്.

റിയാസ് അഡ്‌മിനായ നഗരപാലിക എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് എം.എല്‍.എയ്‌ക്കും ജീവന്‍ ലാലിനുമെതിരെയുമുള്ള പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത്. പി.കെ.ശശി എം.എല്‍.എയ്‌ക്കും, ഡി.വൈ.എഫ്.ഐ നേതാവിനും എതിരെ ഉയര്‍ന്ന ലൈംഗീക പീഡനപരാതി സംബന്ധിക്കുന്ന കുറിപ്പാണ് ഗ്രൂപ്പില്‍ പ്രചരിച്ചത്. പോസ്റ്റില്‍ പാര്‍ട്ടി നടത്തുന്ന അന്വേഷണത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമര്‍ശിക്കുന്നു.നഗരസഭയിലെ ജീവനക്കാരും, മുന്‍ ജീവനക്കാരും, കൗണ്‍സിലര്‍മാരും അംഗങ്ങളായ വാട്‌സാപ്പ് കൂട്ടായ്‌മയാണിത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ ചെയർമാൻ വി.വി.രമേശൻ തദ്ദേശ സ്വയംഭരണ വകുപ്പിന് പരാതി നൽകി. മുഖ്യമന്ത്രിക്കും എം.എൽ.എ മാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ മോശമായ പ്രചാരണം നടത്തുന്നു എന്നായിരുന്നു പരാതി.കൃത്യനിര്‍വഹണത്തില്‍ മുഹമ്മദ് റിയാസ് നിരന്തരം വീഴ്‌ച വരുത്താറുണ്ടെന്നും പരാതിയിലുണ്ട്.

എന്നാല്‍ തനിക്കെതിരായ നടപടി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് റിയാസ് പറഞ്ഞു.