ഇന്ധന വില വർദ്ധന; നിശ്ചലമാകേണ്ടത് രാജ്യതലസ്ഥാനം; വിളിച്ചുപറയണം ഇനിയും ഇന്ത്യ മരിച്ചിട്ടില്ല എന്ന്

single-img
15 September 2018

ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് രാജ്യത്ത് ഇന്ധനവിലയിൽ പ്രതിദിനം വൻവർധനവാണ് നടപ്പിലാകുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതും ഇറക്കുന്നത് ചിലവ് ഉയർന്നതുമായ സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത് എന്നുള്ളതാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ യുപിഎ സർക്കാരിനെ അവസാനകാലങ്ങളിൽ ക്രൂഡോയിൽ വില ഇതിന് ഇരട്ടിയോളം ആയെങ്കിലും ഇന്ധനവില ഇപ്പോഴത്തെ വിലക്കെടുത്ത് എത്തിയിരുന്നില്ല.

ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോൺഗ്രസും ഇടതുപാർട്ടികളും കഴിഞ്ഞ തിങ്കളാഴ്ച ഭാരത് ബന്ദ് നടത്തിയിരുന്നു. പെട്രോളും ഡീസലും ഡിസ്റ്റിക് കീഴിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ടായിരുന്നു ബന്ദ്. മറ്റ് പ്രതിപക്ഷ പാർട്ടികളും ബന്ദിനോടു സഹകരിച്ചിരുന്നു. ഇദം പ്രഥമമായി കോൺഗ്രസ് ബന്ദ് രാജ്യത്ത് പുതിയ രൂപത്തിലാണ് എത്തിയത്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങൾ തടയാതെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾക്കും നന്മകൾക്കും ആണ് മുൻതൂക്കം നൽകുകയെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ കേരളത്തിൽ രാവിലെ ആറ് മുതൽ ശെവകുന്നേരം ആറ്‌വരെയുള്ള ഹർത്താലായി അത് രൂപം മാറി.

പെട്രോൾ ഡീസൽ വിലയിൽ രാജ്യത്തെമ്പാടും പ്രതിഷേധങ്ങൾ ഉയരുമ്പോൾത്തന്നെ അതെത്രത്തോളം കേന്ദ്രസർക്കാർ ചെവി കൊള്ളുന്നു എന്നുള്ളതും ചിന്തിക്കേണ്ട വിഷയമാണ്. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും മറ്റു കക്ഷികളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ശക്തമായ ഒരു പ്രതിഷേധം അല്ല എന്നുള്ള സൂചനകളും നൽകിക്കഴിഞ്ഞു. രാജ്യത്തെ പലയിടങ്ങളിലും തുടർന്നുവരുന്ന സാധാരണ പ്രതിഷേധങ്ങൾക്ക് ഒപ്പമാണ് ഈ ബന്ദും എന്നുള്ള വാദമാണ് ഉയരുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെയുള്ള കോൺഗ്രസ് ബന്ദിന് സമൂഹമാധ്യമങ്ങളിൽ പിന്തുണയും വിമർശനങ്ങളും ഉയർന്നിരുന്നു.

വിമർശനങ്ങൾ ഉന്നയിക്കാൻ മുൻപിൽ നിൽക്കുന്നത് സംഘപരിവാർ പ്രവർത്തകർ തന്നെയാണ്. ഡോ. മൻമോഹൻസിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് പെട്രോൾ വില ദിനംപ്രതി വർദ്ധിപ്പിക്കുവാനുള്ള അവകാശം കമ്പനികൾക്ക് നൽകിയത് എന്നുള്ള കാര്യവും സംഘപരിവാർ ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിൻറെ ഭാരത് ബന്ദ് ആഹ്വാനത്തെ വെറും തമാശയായി ചിത്രീകരിച്ച് ഇന്ധന വില വർദ്ധനവിനെ പൊതുജനങ്ങളിൽനിന്ന് മറയ്ക്കുവാനാണ് സംഘപരിവാർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഫലപ്രദമായ വിശദീകരണമോ ഏകോപനമോ നടത്തി സംഭവത്തിന്റെ ഭീകരാവസ്ഥ ജനങ്ങളിൽ എത്തിക്കുകയായിരുന്നു കോൺഗ്രസ് ചെയ്യേണ്ടിയിരുന്നത്.

യുപിഎ സർക്കാരിൻറെ കാലത്താണ് ഇത്തരമൊരു അവസ്ഥ രാജ്യത്ത് സംജാതമായിരുന്നെങ്കിൽ രാജ്യ തലസ്ഥാനം ഉൾപ്പടെ സ്തംഭിച്ചേനേ എന്നുള്ള കാര്യവും വ്യക്തമാണ്. ഇതിന്റെ പത്തിലൊന്നുപോലും കുറ്റം പറയാൻ പറ്റാത്ത കോൺഗ്രസിന്റെ അവസ്ഥ ആയുധമാക്കിയാണ് മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ എത്തിയത്. യുപിഎ സർക്കാരിനെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി അധികാരത്തിലേറാൻ ബിജെപിയുടെ ബൗദ്ധിക കേന്ദ്രങ്ങൾ രാപ്പകൽ ജോലി ചെയ്തിരുന്നു. സർക്കാരിന്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതിലും അതിനെ ചൂണ്ടി മോഹന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നതിലും ബിജെപിയോളം വിജയം കണ്ട മറ്റൊരു പാർട്ടി ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. അന്ന് തീർക്കുകയും കാലാന്തരത്തിൽ അവയെ കെട്ടിപ്പുണരുകയും ചെയ്ത ആധാർ ഉൾപ്പെടെയുള്ള പല വസ്തുതകളിലും ബിജെപിയുടെ പ്രതിഷേധങ്ങൾ പരിശോധിച്ചാൽ നമുക്കത് മനസിലാകും.

കോൺഗ്രസിൻറെ പ്രതിഷേധങ്ങൾ കൃത്യമായി ഫലം കാണുന്ന ഇടം ഒരുപക്ഷേ കേരളമായിരിക്കും. കേരളീയർ കുള്ള സംഘപരിവാർ വിരുദ്ധത തന്നെയാണ് കോൺഗ്രസിന് ഇവിടെ മുതൽക്കൂട്ടാകുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ബിജെപി കോൺഗ്രസിന് ശക്തനായ എതിരാളിയാണ്. എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതും അതിനുപിന്നാലെ ഒന്നിനുപിറകെ ഒന്നായി കയ്യിലിരുന്ന സംസ്ഥാനങ്ങൾ നഷ്ടമായതും കോൺഗ്രസിനെ പിന്നോട്ടടിച്ച വസ്തുതകളാണ്. എന്നാൽ ജനങ്ങളെ നിർത്തിയിരിക്കുന്ന ഇന്ധന വില വർദ്ധനവിനും അതിൻറെ ഭാഗമായുണ്ടാകുന്ന വിലക്കയറ്റത്തിനും പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടത് ആവശ്യം തന്നെയാണ്. ഒരർത്ഥത്തിൽ കോൺഗ്രസിൻറെ നിർജ്ജീവ അവസ്ഥതന്നെയാണ് പ്രശ്‌നങ്ങളെ നിസാരവത്കരിക്കാൻ ബിജെപിയെ സഹായിക്കുന്നതും.

ഇന്ധന വില വർദ്ധനവിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ ചിതറി പോകേണ്ട ഒന്നല്ല. യഥാർത്ഥത്തിൽ പ്രതിഷേധം ഉയരേണ്ടത് രാജ്യതലസ്ഥാനത്താണ്. രാജ്യ തലസ്ഥാനം നിശ്ചലമാകുന്ന ദിനങ്ങളിൽ മാത്രമേ ഇനി ബിജെപിയുടെ കണ്ണു തുറക്കുകയുള്ളൂ. കോൺഗ്രസ് നേതൃത്വം കൊടുക്കേണ്ടതും പ്രതിപക്ഷകക്ഷികൾ ഒത്തു നിൽക്കേണ്ടതും അത്തരമൊരു പ്രതിഷേധത്തിനാണ്. ഡൽഹി നിശ്ചലമാകുന്ന ഒരു ദിവസം വരാത്തിടത്തോളം കാലം ബിജെപിയുടെ ഭരണ വൈകല്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. പ്രബുദ്ധമായ കേരളത്തിൽ നിന്നുയരുന്ന പ്രതിഷേധങ്ങളൊന്നും ഡൽഹിയിൽ എത്തണമെന്നില്ല. കേരളത്തിൻറെ ഭരണം തങ്ങൾക്കു ലഭിക്കില്ല എന്നുള്ള കാര്യവും ബിജെപി തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിലെ പ്രതിഷേധങ്ങൾക്ക് ഒരു വില മാത്രമേ ബിജെപി കൽപ്പിക്കുകയുമുള്ളൂ.

രാജ്യതലസ്ഥാനത്ത് ഇത്ര വലിയ സമരം നടക്കുമോ എന്നുള്ള ചോദ്യത്തിനുത്തരം യുപിഎ സർക്കാരിനെ കാലത്തുണ്ടായ നിർഭയ സമരവും ആദ്യത്തെ അണ്ണാഹസാരേ സമരവും ഇപ്പോൾ നടന്ന സിപിഎം നേതൃത്വത്തിലുള്ള മാർച്ചുമൊക്കെ മുന്നിലുണ്ട്. മഹാരാഷ്ട്രയിൽ ദിവസങ്ങളോളം നീണ്ടുനിന്ന ലോങ് മാർച്ചും കാട്ടിത്തരുന്നത് വേറൊന്നല്ല. ഈ സമരങ്ങൾക്ക് കാരണമായ പ്രശ്‌നങ്ങളുടെ മുകളിലാണ് ഇന്നിപ്പോൾ ഇന്ത്യ. എവിടെയോ ഉയരുന്ന ഒരു ശക്തിയേറിയ പ്രതിഷേധത്തിന് കാതോർക്കുകയാണ് സാധാരണജനങ്ങൾ. ആ പ്രതിഷേധത്തിൽ നിന്നും അഗ്‌നിപടർത്തി വേണം തങ്ങളുടെ അവകാശത്തിനായി അവർക്ക് ശബ്ദമുയർത്താൻ. ആ ശബ്ദം ഉയരുമ്പോൾ നമുക്ക് മനസ്സിലാക്കാം, ഇന്ത്യ ഇനിയും മരിച്ചിട്ടില്ല എന്ന്.