പോലീസുകാരന്റെ മകന്‍ യുവതിയെ ഓഫീസിനുള്ളില്‍ ക്രൂരമായി മര്‍ദിച്ചു; വീഡിയോ പുറത്തായതോടെ പോലീസ് കേസെടുത്തു

single-img
14 September 2018

പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ഡല്‍ഹി പോലീസ് നാര്‍ക്കോട്ടിക് വിഭാഗത്തിലെ എ.എസ്.ഐ അശോക് സിങ് തോമറിന്റെ മകന്‍ റോഹിത് തോമറിനെതിരെയാണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

രോഹിത് പെണ്‍കുട്ടിയെ അതിക്രൂരമായി തൊഴിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ഉടനെ തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

21കാരനായ രോഹിത് അടുത്തിടെയാണ് ഡല്‍ഹിയിലെ ബി.പി.ഒ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഇയാളുടെ സുഹൃത്തായ അലി ഹസന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അതേസമയം, രോഹിത് എന്തിനാണ് പെണ്‍കുട്ടിയെ മര്‍ദിച്ചതെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.

പെണ്‍കുട്ടിയുടെ മുടിയില്‍പിടിച്ച് വലിച്ചിഴച്ച ശേഷം തറയില്‍ തള്ളിയിട്ടു രോഹിത് മര്‍ദിക്കുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയെ ഇയാള്‍ തൊഴിക്കുകയും ചവുട്ടുകയും ഇടിക്കുകയും ചെയ്തു. കൈ മുട്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ ഇടിച്ചത്.

ദൃശ്യം ചിത്രീകരിച്ചയാള്‍ മര്‍ദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഹീനകൃത്യം തുടര്‍ന്നു. ഇയാളില്‍നിന്നും പെണ്‍കുട്ടി പണം കടം വാങ്ങിയിരുന്നെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം വരെ പോലീസില്‍ പരാതി നല്‍കിയില്ല.

എന്നാല്‍ അക്രമിയുടെ പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. രോഹിതുമായുള്ള വിവാഹം ഉപേക്ഷിച്ചെന്നും ഈ പെണ്‍കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന ഇന്ന് മര്‍ദ്ദനത്തിനിരയായ യുവതി പൊലീസില്‍ പരാതിപ്പെട്ടു. രോഹിത് തന്നെ പീഢനത്തിനിരയാക്കിയെന്നും പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

https://twitter.com/HR20_/status/1040202845079781376