Breaking News

ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അഞ്ച് കോണ്‍ഗ്രസ് നേതാക്കളെന്ന് പത്മജ വേണുഗോപാല്‍; ചതിച്ചത് നരസിംഹറാവുവെന്ന് മുരളീധരന്‍

തിരുവനന്തപുരം: ഇപ്പോഴും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെന്ന് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. ജുഡീഷ്യല്‍ കമ്മീഷന്‍ ചോദിച്ചാല്‍ അവരുടെ പേരുകള്‍ പറയും.

മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കേസ്. ഇത് ഒരു തുടക്കം മാത്രമാണ്. ജൂഡീഷ്യല്‍ കമ്മീഷന്‍ തിരക്കിയില്ല എങ്കില്‍ അവരെ അങ്ങോട്ട് സമീപിക്കും എന്നും പത്മജ പറഞ്ഞു. അമ്മ മരിച്ച് അച്ഛന്‍ മാനസികമായി തളര്‍ന്നിരിക്കുന്ന സമയത്താണ് എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ അക്രമിച്ചത്.

പിന്നീട് ജീവിതവും രാഷ്ട്രീയവും ഒന്നും വേണ്ട എന്ന് വെച്ച് അദ്ദേഹം കീഴടങ്ങുകയായിരുന്നു. മാനസികമായി ധൈര്യം ഉണ്ടായിരുന്ന സമയത്താണ് അക്രമിച്ചതെങ്കില്‍ കെ കരുണാകരന്‍ ഒരിക്കലും അവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലായിരുന്നു. മാനസികമായി തളര്‍ന്ന സമയത്ത് അടിച്ചപ്പോള്‍ അദ്ദേഹം വീണുപോവുകയായിരുന്നു എന്നും പത്മജ പറഞ്ഞു.

അദ്ദേഹത്തിന് മരണംവരെ ഇതില്‍ സങ്കടം ഉണ്ടായിരുന്നു. രാജ്യത്തിനെ സ്‌നേഹിച്ച ഒരാളെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് അദ്ദേഹത്തെ തേജോവധം ചെയ്തു. കെ കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തെ ചതിച്ചവര്‍ ഇന്ന് സുരക്ഷിതരായി ഇരിക്കുകയാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി എന്നും പത്മജ പറഞ്ഞു.

അതേസമയം ചാരക്കേസിലെ വിധിയിലൂടെ കെ. കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞെന്നു മകനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു.

നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതാനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാല്‍ നീതി കിട്ടാതെ മരിച്ചത് കെ.കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വിധിയില്‍ തൃപ്തയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ല. ചാരവൃത്തിയില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്.

അതിന് കാരണം ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കെ.കരുണാകരന്റെ പേരും ഉള്‍പ്പെട്ടു.

മാധ്യമങ്ങളില്‍ വന്ന രണ്ടുപേരെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസില്‍ കുടുക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് വരെ കരുണാകരന്‍ രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ നരസിംഹ റാവു അതിനു ശേഷം നിലപാട് മാറ്റി രാജി ആവശ്യപ്പെടുകയായിരുന്നു.

ഡല്‍ഹിയിലേക്ക് വിളിപ്പ് കരുണാകരനെ ഒരാഴ്ചയോളം ഒരു സ്ഥാനവും നല്‍കാതെ ഇരുത്തി. അവസാനം ഒരു അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കിയെന്നും മുരളീധരന്‍ പറഞ്ഞു. നരസിംഹ റാവു കരുണാകരനെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.