National

‘മല്യ രക്ഷപ്പെട്ടത് മോദിയുടെ അറിവോടെ; ലുക്ക് ഔട്ട് നോട്ടീസിലെ ഡീറ്റെയിന്‍ എന്നതു മാറ്റി ഇന്‍ഫോം എന്നാക്കി തിരുത്തി’

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യ പ്രധാനമന്ത്രിയുടേയും സി.ബി.ഐയുടേയും സഹായത്തോടെയാണ് ഇന്ത്യയില്‍ നിന്ന് മുങ്ങിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസില്‍ സി.ബി.ഐ മാറ്റം വരുത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മല്യ രക്ഷപെടാന്‍ കാരണമായത് ലുക്ക് ഔട്ട് നോട്ടീസിലെ ‘ഡീറ്റെയിന്‍’ എന്നതു മാറ്റി നിസാരമായ ‘ഇന്‍ഫോം’ എന്ന നോട്ടീസ് ആക്കി തിരുത്തി സിബിഐ സഹായിച്ചതുകൊണ്ടാണ്. സിബിഐ ഈ വിവരം പ്രധാനമന്ത്രിക്കു നല്‍കിയിട്ടുണ്ടായിരുന്നു. സിബിഐയുടെ പരിധിക്കുപുറത്തുള്ള കാര്യമാണിത്. പ്രമാദവും വിവാദവുമായ കേസിലെ ലുക്ക് ഔട്ട് നോട്ടീസില്‍ തിരുത്തല്‍ പ്രധാനമന്ത്രിയുടെ അറിവില്ലാതെ നടക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലുക്കൗട്ട് നോട്ടീസില്‍ മാറ്റം വരുത്തിയത് മല്യ അക്കാലത്ത് അന്വേഷണവുമായി സഹകരിക്കാറുള്ളത് കൊണ്ടായിരുന്നെന്ന് സി.ബി.ഐ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 2011-12ല്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സ്ഥാപിക്കാന്‍ മല്യയെ ഗാന്ധി കുടുംബമാണ് സഹായിച്ചതെന്ന് ബി.ജെ.പി ഇന്നലെ പ്രത്യാരോപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ മറുപടി വന്നിരിക്കുന്നത്. രക്ഷപ്പെടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി മല്യ തന്നെ വെളിപ്പെടുത്തിയിരുന്നു.