National

വിദേശ യാത്ര നടത്തുന്നതിനു മുന്‍പ് തന്നെ അറിയിക്കണം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരോട് മോദി

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശയാത്ര നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക, സ്വകാര്യ വിദേശയാത്രകള്‍ നടത്തുമ്പോള്‍ നടത്താനുദ്ദേശിക്കുന്ന യാത്രയുടെ വിശദാംശങ്ങള്‍, ആതിഥേയര്‍, പരിപാടികള്‍ തുടങ്ങിയ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്നാണ് നിര്‍ദേശം.

ബിജെപി മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും നടന്ന കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ നിര്‍ദേശമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരത്തിലിരിക്കുമ്പോള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും അവകാശവാദങ്ങളുന്നയിക്കുന്നത് പതിവാണ്.

എന്നാല്‍ അത്തരം കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പരാജയപ്പെട്ടാല്‍, ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കം ദുര്‍ബലപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു പതിറ്റാണ്ടുമുന്‍പ് മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയം മോദി ഓര്‍മിപ്പിച്ചു.

വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ വീതംവെച്ചു നല്‍കിയതാണ് അന്ന് തീരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറം, തെലങ്കാന എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

ഈ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നിരവധി നേതാക്കള്‍ തങ്ങളുടെ ബന്ധുക്കള്‍ക്കായി സീറ്റുകള്‍ ആവശ്യപ്പെട്ട് പാര്‍ട്ടിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം സ്ഥാനാര്‍ഥിത്വം അനുവദിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ബിജെപി ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.