പ്രളയത്തിനു പിന്നാലെ ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നു; വയനാട്ടില്‍ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറി; സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നെന്ന് മന്ത്രി മാത്യു. ടി. തോമസ്

single-img
14 September 2018

പ്രളയ ശേഷം കായലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു പിന്നാലെ ആലപ്പുഴ ജില്ലയില്‍ കടല്‍ ഉള്‍വലിയുന്നു. പ്രളയത്തിന് ശേഷമുള്ള കടലിറക്കം ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇത് സാധാരണ പ്രതിഭാസമാണെന്നാണ് തീരദേശവാസികള്‍ പറയുന്നത്.

അതിനിടെ പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കര്‍ഷകരെ ആശങ്കയിലാക്കി വയനാട്ടില്‍ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നു. ആഴ്ചകളോളം വെള്ളം കയറിക്കിടന്ന വയലുകളാണ് ഇപ്പോള്‍ കൃഷി ഇറക്കാനാകാതെ വരണ്ടുണങ്ങിയത്. ശക്തമായ പേമാരിയില്‍ വയനാട്ടിലെ വയലുകളെല്ലാം ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു.

കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായി. നഷ്ടക്കണക്കുകള്‍ മാറ്റിവെച്ച് വയലില്‍ വിത്തിറക്കാന്‍ ഒരുങ്ങിയ കര്‍ഷകര്‍ക്ക് വയലുകള്‍ വരണ്ടുണങ്ങിയത് തിരിച്ചടിയായിരിക്കുകയാണ്. പനമരം, കോട്ടത്തറ പഞ്ചായത്തുകളില്‍ ഭൂരിഭാഗം വയലുകളുടെയും അവസ്ഥ ദയനീയമാണ്.

കടുത്ത വരള്‍ച്ചയിലേതെന്ന് പോലെ ഭൂമി വിണ്ടു കീറിയതിനാല്‍ ഈ സീസണില്‍ ഇനി കൃഷി ഇറക്കാനാകില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. പകല്‍ സമയത്ത് അനുഭവപ്പെടുന്ന കനത്ത ചൂടില്‍ മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് വയലുകള്‍ വിണ്ടുകീറാന്‍ കാരണം എന്നാണ് നിഗമനം. കൂടാതെ മണ്ണിന്റെ സ്വാഭാവിക ഘടനയില്‍ വരുന്ന മാറ്റത്തെക്കുറിച്ചും വിശദമായ പഠനം വേണമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

അതേസമയം മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് വന്‍തോതില്‍ കുറയുന്നുണ്ടെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു.ടി.തോമസ്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ വരാനിരിക്കുന്ന വര്‍ള്‍ച്ചയേയും നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു.