കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു; ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ അറസ്റ്റില്‍

single-img
14 September 2018

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പ്രാദേശിക തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ ഹര്‍വിന്ദര്‍ സിംഗ് എന്ന അലിയാസ് ഹിന്ദയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കിര്‍ണാപാല്‍ കൗര്‍(32),സഹായികളായ മഖാന്‍ രാം(37), ചാംകൗര്‍ സിങ്(26), ജെയ്മല്‍ സിംഗ് (20 )എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ 14കാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് ജെതുകെയിലുള്ള സ്വവസതിയില്‍ വെച്ച് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിര്‍ണാപാല്‍ ഡ്രൈവറായ സന്ദീപ് കൗര്‍(35) എന്നയാളുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തിരുമാനിക്കുകയും എന്നാല്‍ ഹിന്ദ ഈ ബന്ധത്തെ എതിര്‍ത്തിര്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തങ്ങളുടെ വിവാഹത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഹിന്ദയെ എന്നന്നെക്കുമായി ഇല്ലാതാക്കാന്‍ കിര്‍ണാപാല്‍ തീരുമാനിച്ചു. അതിനായി മഖാന്‍, ചാംകൗര്‍, ജെയ്മല്‍ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു.

സംഭവ ദിവസം കിര്‍ണാപാല്‍ ഹിന്ദക്ക് ഉറക്ക ഗുളിക കലര്‍ത്തിയ മിശ്രിതം കുടിക്കാന്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ ഹിന്ദയുടെ മുഖത്ത് സംഘം തലയിണ കൊണ്ട് അമര്‍ത്തി പിടിക്കുകയും ശേഷം ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കൊലപാതകത്തെ തുടര്‍ന്ന് വിവിധ മേഖലയില്‍ നിന്ന് നിരവധി പേര്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കൊലക്ക് പിന്നില്‍ യാതൊരു വിധ രാഷ്ട്രീയ വൈരാഗ്യവും ഇല്ലെന്ന് നാനക് സിങ് വ്യക്തമാക്കി.

ഓരോ വാടക കൊലയാളിക്കും കിര്‍ണാപാല്‍ 50,000രൂപ വെച്ച് നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ തുക സംഘത്തിന്റെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് കൊലയില്‍ ബന്ധമില്ലെന്ന് കാണിച്ച് പൊലീസില്‍ കള്ള മൊഴി നല്‍കി അന്വേഷണ ഉദ്യേഗസ്ഥരെ കിര്‍ണാപാല്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് സിസിടിവിയുടെ സഹായത്തോടെ കൊലയില്‍ ഇവരുടെ പങ്ക് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.