ആശുപത്രിവാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍ കച്ചവടം തുടരും; പഠിച്ച് ഡോക്ടറാകും: ആശുപത്രിയില്‍ തന്നെ കാണാനെത്തിയ മന്ത്രിയോട് ഹനാന്‍

single-img
14 September 2018

വാഹനാപകടത്തില്‍ പരുക്കേറ്റ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹനാന് പിന്തുണയുമായി മന്ത്രി എസി മൊയ്തീന്‍ എത്തി. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്ന ധനസഹായം സ്വീകരിക്കാനും ഹനാനെ കാണാനും എത്തിയതായിരുന്നു മന്ത്രി.

മുന്‍പത്തേക്കാള്‍ ക്ഷീണമാണെന്നു മന്ത്രി പറഞ്ഞപ്പോള്‍ പുതിയ ഹനാനായി തിരിച്ചു വരും എന്നായിരുന്നു ഹനാന്റെ മറുപടി. ‘ആശുപത്രിവാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാന്‍ പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് സര്‍ നല്‍കിയ പേന ഉയര്‍ത്തി ഇതു തനിക്കു കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് ഹനാന്‍ പറഞ്ഞപ്പോള്‍, ഇരട്ടി ധൈര്യത്തിന് ഇതുകൂടി ഇരിക്കട്ടെ എന്നുപറഞ്ഞ് മറ്റൊരു പേന മന്ത്രി സമ്മാനിച്ചു.

ഹനാനു കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നു മന്ത്രി അറിയിച്ചു. ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. പൂര്‍ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെയെന്നു ആശംസിച്ചു.

പരുക്കുകളെ അതിജീവിച്ച് എത്രയു പെട്ടെന്ന് പുറത്തേക്കിറങ്ങാനുള്ള ആവേശത്തിലാണ് ഹനാന്‍. കൊടുങ്ങല്ലൂര്‍ കോതപ്പറമ്പിലുണ്ടായ വാഹനപാകടത്തില്‍ നട്ടെല്ലിനാണ് പരുക്ക്. ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ് ഹനാന്‍. ആശുപത്രി കിടക്കയിലും വെറുതേയിരിക്കുന്നില്ല വരാനിരിക്കുന്ന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഹനാന്‍. ഇതിനിടെയാണ് സര്‍ക്കാര്‍ പിന്തുണയറിയിക്കാന്‍ മന്ത്രി എസി മൊയ്തീനെത്തിയത്.